
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ‘മെറ്റ’യുടെ ക്യാമ്പയിൻ!
ഓൺലൈൻ തട്ടിപ്പുകളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി മെറ്റ തങ്ങളുടെ മുൻനിര കാമ്പയിനായ ‘സ്‌കാം സേ ബചോ’യുടെ മൂന്നാം പതിപ്പിന് തുടക്കം കുറിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രശസ്ത നടി നീന ഗുപ്തയും സുകൃതി ചതുർവേദി, യുവരാജ് ദുവ തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ ക്രിയേറ്റർമാരും ഈ അവബോധന പരിപാടിയുടെ ഭാഗമാകുന്നുണ്ട്.
വ്യാജ ജോലി വാഗ്ദാനങ്ങൾ, ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണികൾ, ഒറ്റരാത്രികൊണ്ട് പണം ഇരട്ടിയാക്കാമെന്ന് മോഹിപ്പിക്കുന്ന നിക്ഷേപ പദ്ധതികൾ തുടങ്ങിയ പ്രധാന തട്ടിപ്പ് രീതികളെക്കുറിച്ചാണ് ഈ കാമ്പയിൻ മുന്നറിയിപ്പ് നൽകുന്നത്. തട്ടിപ്പുകാർ സാധാരണയായി ഉപയോഗിക്കുന്ന വ്യാജമായ അടിയന്തര സ്വഭാവവും വിശ്വാസ്യതയും എങ്ങനെ തിരിച്ചറിയാമെന്ന് ഇതിലൂടെ ലളിതമായി വിശദീകരിക്കുന്നു. ദൈനംദിന ജീവിതത്തിലെ സാഹചര്യങ്ങളെ മുൻനിർത്തിയാണ് നീന ഗുപ്തയും സംഘവും ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നത്.
