ഇറാനുമായി കരാറിന് സാധ്യതയെന്ന് ട്രംപ്; എണ്ണവില കുത്തനെ ഇടിഞ്ഞതായി അവകാശവാദം

0

വാഷിംഗടണ്‍: ഇറാനുമായി സമാധാന കരാറിലെത്താന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണുമായി പരോക്ഷ ചര്‍ച്ചകള്‍ നടക്കുന്നതായി ഇറാന്‍ വെളിപ്പെടുത്തുകയും കര്‍ശനമായ നിബന്ധനകളോടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇന്നലെയാണ് ഇറാനുമായുള്ള കരാര്‍ സാധ്യമായേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്. ഇറാനുമായുള്ള സംഘര്‍ഷത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് പുതിയ നീക്കങ്ങള്‍ നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള പരോക്ഷ നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായുള്ള സൂചനകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

ഇറാനുമായി യുദ്ധമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ കുറയുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. ബാരലിന് ഏകദേശം 10 ഡോളറിന്റെ കുറവുണ്ടായതായും ഇത് റെക്കോര്‍ഡ് ഇടിവാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ എത്രയും വേഗം ഒരു ഒത്തുതീര്‍പ്പിന് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ പ്രതികരണം പങ്കുവെച്ചത്. ഇറാനുമായുള്ള യുദ്ധസാധ്യത കുറഞ്ഞുവെന്ന വിപണിയുടെ പ്രതീക്ഷയാണ് എണ്ണവിലയിലെ ഇടിവിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ കരാര്‍ സംബന്ധിച്ച അന്തിമ ധാരണയിലെത്തിയതായി ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

You might also like