ചന്ദ്രയാൻ 4, ബഹിരാകാശ നിലയം ; ആകാശക്കുതിപ്പിന് പദ്ധതികൾ
ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തിയ ചന്ദ്രയാൻ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിന് കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി. ചന്ദ്രനിലെ കല്ലും മണ്ണും ശേഖരിച്ചു ഭൂമിയിൽ എത്തിക്കുന്ന ചന്ദ്രയാൻ 4ന് കേന്ദ്രമന്ത്രിസഭ 2104 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വികസനക്കുതിപ്പിന് നിർണായക ഊർജം നൽകുന്ന ദൗത്യത്തോടൊപ്പം ശുക്രനെ വലംവയ്ക്കുന്ന ദൗത്യം, ഗഗൻയാൻ ദൗത്യത്തിന്റെ അടുത്ത ഘട്ടം എന്നിവയ്ക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി.
ചന്ദ്രനിൽ ലാൻഡ് ചെയ്തു വിജയകരമായി തിരികെയെത്തിക്കുന്ന ചന്ദ്രയാൻ 4 ഇന്ത്യയുടെ ബഹിരാകാശ വികസനനേട്ടങ്ങളിലെ നാഴികക്കല്ലായിരിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. ദൗത്യം പൂർത്തീകരിക്കുന്നതിന് 36 മാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ശുക്രനെ വലംവച്ച് അവിടത്തെ അന്തരീക്ഷത്തെയും ഭൂമിശാസ്ത്രത്തെയുംപറ്റി പഠിക്കാനുള്ള ദൗത്യപേടകം 2028ഓടെ വിക്ഷേപിക്കാനാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) തയാറെടുത്തിരിക്കുന്നത്.