ഗവർണ്ണറുടെ ആഹ്വാനത്തിൽ ഉപവാസ പ്രാർത്ഥനാദിനം ആചരിച്ച് ഒക്ലഹോമ ജനത

0

ഒക്ലഹോമ: അമേരിക്കൻ സംസ്ഥാനമായ ഒക്ലഹോമയിൽ കൊറോണ വൈറസ് ബാധ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഗവർണ്ണറുടെ ആഹ്വാന പ്രകാരം ഉപവാസ പ്രാർത്ഥനാദിനം ആചരിച്ചു. ഇന്നലെ ഡിസംബർ മൂന്നിനാണ് ഗവൺമെന്റ് കെവിൻ സ്റ്റിന്റെ ആഹ്വാനപ്രകാരം സംസ്ഥാന ജനത പ്രാർത്ഥനാദിനമായി ആചരിച്ചത്. രോഗികൾക്ക് സൌഖ്യം ലഭിക്കുന്നതിനും രോഗപീഡയിൽ വേദനിക്കുന്നവർക്ക് ആശ്വാസം ലഭിക്കുവാനും മഹാമാരിയ്ക്കെതിരെ പൊരുതുന്ന എല്ലാവർക്കും ശക്തിയും വിവേകവും ലഭിക്കാനും സംസ്ഥാന ജനത ദൈവീക ഇടപെടൽ യാചിക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി അംഗം കൂടിയായ ഗവർണർ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിന്നു.
ജീവിതപങ്കാളിയായ സാറയും താനും ഒക്ലഹോമൻ ജനതയും പ്രാർത്ഥനയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും പ്രാർത്ഥന ദൈവത്തിന്റെ ഹൃദയത്തെ ചലിപ്പിക്കുന്നുവെന്നും അദ്ദേഹം പിന്നീട് പ്രസ്താവിച്ചു. ഒക്ലഹോമയിൽ നവംബർ 16 മുതൽ തിങ്കളാഴ്ച വരെ പുതിയ കേസുകളുടെ ശരാശരി 2,628.9 ൽ നിന്ന് 2,838.7 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് പ്രാർത്ഥനാഹ്വാനമെന്നത് ശ്രദ്ധേയമാണ്. കോവിഡ് 19 മൂലം ഒക്ലഹോമയിൽ 1,758 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലൂസിയാന, ഒഹിയോ തുടങ്ങിയ വിവിധ അമേരിക്കൻ സംസ്ഥാനങ്ങളിൽ ഗവർണർമാർ പ്രാർത്ഥനാദിനാചരണത്തിന് നേരത്തെ ആഹ്വാനം നൽകിയിരിന്നു.

You might also like