നിഷേധിച്ചു; ഇക്കുറി വോട്ട് ചെയ്യാൻ വിഎസ് ഇല്ല

0

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും പ്രമുഖ നേതാവുമായ വി.എസ്.അച്യുതാനന്ദൻ ഇക്കുറി വോട്ട് ചെയ്യാൻ എത്തില്ല. എല്ലാ തിരഞ്ഞെടുപ്പിലും പറവൂർ ഗവ. എച്ച്‌എസ്‌എസിലെ പോളിങ് ബൂത്തിൽ വിഎസും കുടുംബവും വോട്ട് ചെയ്യാനെത്തുന്നതു വലിയ വാർത്താദൃശ്യമായിരുന്നു. അനാരോഗ്യം കാരണം തിരുവനന്തപുരത്തുനിന്നു യാത്ര ചെയ്യാൻ കഴിയാത്തതിനാൽ ദിവസങ്ങൾക്കു മുൻപേ വിഎസ് തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ, ചട്ടമനുസരിച്ച്‌ തപാൽ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്നു വിഎസിന്റെ മകൻ വി.എ.അരുൺകുമാർ പറഞ്ഞു. ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനു ഡോക്ടർമാരുടെ വിലക്കുണ്ട്. വോട്ട് ചെയ്യാൻ കഴിയാത്തതിൽ വിഎസ് അസ്വസ്ഥനാണെന്നും അരുൺകുമാർ പറഞ്ഞു.
എന്നാൽ കോവി‍ഡ് ബാധിതർ, കോവി‍ഡുമായി ബന്ധപ്പെട്ടു ക്വാറന്റീനിൽ കഴിയുന്നവർ, തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമാണു തപാൽ വോട്ട് അനുവദിക്കുന്നത്. തപാൽ വോട്ട് അനുവദിക്കാൻ സാങ്കേതിക തടസ്സമുള്ളതിനാൽ ഖേദിക്കുന്നെന്ന് ഉദ്യോഗസ്ഥർ വിഎസിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. 1951ലെ ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പു മുതൽ എല്ലാ തിരഞ്ഞെടുപ്പിലും വിഎസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് അരുൺകുമാർ പറഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലാണു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്ത് മാറി. പറവൂർ സാന്ത്വനം ബഡ്സ് സ്കൂളിലാണു ബൂത്ത്. അരുൺകുമാറും ഭാര്യയും ഇന്നു വോട്ട് ചെയ്യാനെത്തും.

You might also like