മതമർദ്ദനത്തിനിടെ ‘ബൈബിൾ നേരിട്ട് കണ്ടു’വെന്ന് സാക്ഷ്യപ്പെടുത്തുന്ന കൊറിയക്കാരുടെ എണ്ണത്തിൽ വർദ്ധനവ്

0

കാലിഫോർണിയ: കടുത്ത മതപീഡനങ്ങളുടെ നടുവിലും ബൈബിൾ നേരിട്ടുകണ്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്ന ഉത്തരകൊറിയക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. ഉത്തര കൊറിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ നിരീക്ഷിക്കുന്ന ഡാറ്റാബേസ് സെന്റർ ഫോർ നോർത്ത് കൊറിയൻ ഹ്യൂമൻ റൈറ്റ്സ് പുറത്തുവിട്ട വൈറ്റ് പേപ്പർ ഓൺ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. തങ്ങൾ ബൈബിൾ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പറയുന്ന ഉത്തര കൊറിയൻ പൗരന്മാരുടെ എണ്ണത്തിൽ രണ്ടായിരമാണ്ട് മുതൽ ഓരോ വർഷവും 4% വർദ്ധനവ് വീതം ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മതപരമായ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്ന ഏകാധിപത്യ രാജ്യമാണ് ഉത്തരകൊറിയ.

2007 മുതലാണ് മതപീഡനങ്ങളെ പറ്റി സംഘടന പഠനം ആരംഭിക്കുന്നത്. ഈ വർഷം 1234 ആളുകളെയാണ് റിപ്പോർട്ട് രൂപീകരിക്കുന്നതിന് വിശദാംശങ്ങൾ അറിയാൻ സമീപിച്ചത്. 1411 മതവിദ്വേഷ കേസുകൾ പഠനവിധേയമാക്കി. മതം പിന്തുടർന്നാലുള്ള ശിക്ഷയെപ്പറ്റി ചോദിച്ചപ്പോൾ ജയിലിൽ പോകേണ്ടി വന്നിട്ടുള്ളതായി 46.7 ശതമാനം ആളുകൾ പറഞ്ഞു. ക്രൈസ്തവ വിശ്വാസവുമായി ബന്ധമുണ്ടാക്കുന്ന ആളുകളെ അറസ്റ്റ് ചെയ്യാൻ 2014 ഏപ്രിൽ മാസം ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഉത്തരവിറക്കിയതിന് പിന്നെയാണ് മതപീഡനങ്ങൾ കൂടുതലായും വർദ്ധിച്ചതെന്ന് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ഓപ്പൺ ഡോർസ് എന്ന അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യം ഉത്തരകൊറിയയാണ്.

You might also like