16 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ നിരോധിക്കാൻ യുകെ
ലണ്ടന്‍: ഓസ്‌ട്രേലിയക്ക് പിന്നാലെ 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരാന്‍ യുകെയും. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ തനിക്കാവുന്നത് ചെയ്യുമെന്ന് യുകെ സാങ്കേതിക വിദ്യ സെക്രട്ടറി പീറ്റര്‍ കൈലേയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാത്തിന്റെയും രേഖകള്‍ കയ്യിലുണ്ടെന്നും തനിക്ക് ആദ്യം കൂടുതല്‍ തെളിവുകള്‍ ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളിലെ സോഷ്യല്‍ മീഡിയകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുമെന്നും കൈലേ പറഞ്ഞു.
16 വയസുവരെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമം ലോകത്തിലാദ്യമായി ഓസ്‌ട്രേലിയ അവതരിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ കമ്മ്യൂണിക്കേഷന്‍ മന്ത്രി മിഷേല്‍ റോളണ്ട് അവതരിപ്പിച്ച ബില്ല് ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പ്രാധാന്യം നല്‍കുന്നു. ബില്ല് പാസായാല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരു വര്‍ഷം വരെയെങ്കിലും സമയമെടുക്കും.
കുട്ടികള്‍ അക്കൗണ്ട് എടുക്കുന്നത് തടഞ്ഞില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ബില്ലില്‍ പറയുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ടിക് ടോക്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ 3.3 കോടി ഡോളര്‍ പിഴ നല്‍കേണ്ടി വരും. സോഷ്യമീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സംരക്ഷണം ഒരുക്കേണ്ട ചുമതല കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ അല്ലെന്നും മൈക്കിള്‍ റോളണ്ട് പറഞ്ഞു. 18 വയസിന് താഴെയുള്ളവർക്ക് ഓണ്‍ലൈന്‍ പോണോഗ്രഫി നിരോധിക്കാനുള്ള നിയമവും ഓസ്‌ട്രേലിയ ആലോചിക്കുന്നുണ്ട്.