ഇലക്ട്രോണിക്‌സ് മേഖലയില്‍ കുതിക്കാന്‍ ഇന്ത്യ: ഉല്‍പാദന മേഖലയ്ക്ക് അഞ്ച് ബില്യണ്‍ ഡോളര്‍ ഇന്‍സെന്റീവ്; പദ്ധതി ഉടന്‍

0

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇലക്ട്രോണിക് കമ്പനികള്‍ക്ക് അഞ്ച് ബില്യണ്‍ ഡോളറിന്റെ ഇന്‍സെന്റീവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. മൊബൈല്‍ മുതല്‍ ലാപ്‌ടോപ്പ് വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഘടകങ്ങള്‍ പ്രാദേശികമായി നിര്‍മിക്കുന്ന കമ്പനികള്‍ക്കാണ് ഇന്‍സെന്റീവുകള്‍ നല്‍കുക. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ആരംഭിക്കുന്ന പദ്ധതി യോഗ്യത നേടുന്ന ആഗോള, പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് ഇന്‍സെന്റീവുകള്‍ നല്‍കും.

ഇന്ത്യയുടെ ഇലക്ട്രോണിക് ഉല്‍പാദന മേഖലയെ ശക്തിപ്പെടുത്തുകയും ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തലാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തിന്റെ ഇലക്ട്രോണിക് ഉല്‍പാദനം 115 ബില്യണ്‍ ഡോളറിലെത്തി. ആപ്പിളും സാംസങ്ങും പോലുള്ള ആഗോള കമ്പനികളുടെ ഇന്ത്യയിലെ മൊബൈല്‍ നിര്‍മാണത്തിലെ വളര്‍ച്ചയുടെ ഫലമാണിതെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്മാര്‍ട്ട് ഫോണ്‍ വിതരണക്കാരാണ് ഇന്ത്യ. എന്നാല്‍ ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഇത് പൂര്‍ണമായും നിര്‍ത്തലാക്കുകയാണ് ലക്ഷ്യം.

2030 സാമ്പത്തിക വര്‍ഷത്തോടെ ഇലക്ട്രോണിക്സ് ഉല്‍പാദനം 500 ബില്യണ്‍ ഡോളറായി വികസിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയിലൂടെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ പോലുള്ള പ്രധാന ഘടകങ്ങളുടെ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കും. ഇലക്ട്രോണിക്സ് മന്ത്രാലമാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്

You might also like