ദുബായ്: സെപ്റ്റംബർ ഒന്നിനുശേഷം താമസ, വീസ നിയമലംഘനം നടത്തിയവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് യുഎഇ. നാടുകടത്തൽ ഉത്തരവുകൾക്ക് വിധേയരായവർ, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വ്യക്തികൾ തുടങ്ങിയവർക്കും ഇളവ് ലഭിക്കില്ല. ഡിസംബർ 31 വരെയാണ് പൊതുമാപ്പ് കാലയളവ്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദിഷ്ട തീയതിക്കു ശേഷം ഒളിച്ചോടൽ അല്ലെങ്കിൽ ജോലി ഉപേക്ഷിക്കൽ പോലുള്ള അഡ്മിനിസ്‌ട്രേറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വ്യക്തികൾ, യു.എ.ഇ അല്ലെങ്കിൽ മറ്റ് ജി.സി.സി രാജ്യങ്ങൾ പുറപ്പെടുവിച്ച, നാടുകടത്തൽ ഉത്തരവുകൾക്ക് വിധേയരായവർ, അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർ എന്നിവരെയാണ് പൊതുമാപ്പിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.