മാര്‍ യോഹാന്‍ ക്രിസ്തു സന്ദേശം ലോകമെങ്ങും അറിയിച്ച ദൈവസ്‌നേഹി : ശ്രീധരന്‍പിള്ള

0

തിരുവല്ല : ക്രിസ്തുവിന്റെ സന്ദേശം ലോകമെങ്ങും അറിയിച്ച യഥാർത്ഥ ദൈവസ്‌നേഹിയായിരുന്നു മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയെ അനുസ്മരിക്കാൻ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. വിവിധ രാജ്യങ്ങളിൽ സുവിശേഷത്തിന്റെ ദർശനം പങ്കുവയ്ക്കാൻ യോഹാൻ മെത്രാപ്പോലീത്തക്ക് കഴിഞ്ഞെന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് മിഷനറിമാർ വന്നിരുന്ന പാരമ്പര്യത്തിനു പകരം അപ്പൊസ്തലന്റെ പാദസ്പർശമേറ്റ നിരണത്തു നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷമെത്തിച്ച മഹാത്മാവിയിരുന്നു മാർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്തയെന്നും അദ്ദേഹം പറഞ്ഞു. കെ.സി.സി പ്രസിഡന്റ് അലക്‌സിയോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ഡോ.സാമുവേൽ മാർ തെയോഫിലോസ് എപ്പിസ്‌ക്കോപ്പ, ഡാനിയൽ മാർ തിമോത്തിയോസ്, ബിഷപ്പ് ജോർജ് ഈപ്പൻ, മാത്യൂസ് മാർ സിൽവാനിയോസ്, മാർത്തോമ്മാ സഭാ വികാരിജനറൽ റവ.ജോർജ് മാത്യു, മേജർ ഒ.പി.ജോൺ, കെ.സി.സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, മാനേജിംഗ് എഡിറ്റർ ഫാ.സിജോ പന്തപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

You might also like