മണിപ്പൂരിൽ കുക്കി വിഭാഗത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് എന്‍.ഡി.എ എം.എല്‍.എമാർ

0

ഇംഫാൽ: ആറു പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍, കൊലപാതകത്തിന് ഉത്തരവാദികളായ കുക്കി അക്രമികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് എന്‍.ഡി.എ എം.എല്‍.എമാര്‍.

ജിരിബാം ജില്ലയിൽ അടുത്തിടെയുണ്ടായ കോലപാതകങ്ങളുടെ സാഹചര്യത്തിലാണ് കുക്കികൾക്കെതിരായ ‘ബഹുജന ഓപ്പറേഷൻ’ ആഹ്വാനം ചെയ്യുന്ന പ്രമേയം എൻ.ഡി.എയുടെ എം.എൽ.എമാർ അംഗീകരിച്ചത്. എൻ.ഡി.എയുടെ 27 എം.എൽ.എമാർ പ്രമേയം അംഗീകരിക്കുകയും ഏഴു പേർ ആരോഗ്യ കാരണങ്ങളാൽ വിട്ടു നിൽക്കുകയും 11 പേർ പ്രമേയാവതരണത്തിൽ ഹാജരാവാതിരിക്കുകയും ചെയ്തു. ഏഴു ദിവസത്തിനുള്ളിൽ കുക്കി വിഭാഗത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും കേസ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കു കൈമാറണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

പ്രമേയത്തിൽ ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ മണിപ്പൂരിലെ ജനങ്ങളോടാലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും എം.എൽ.എമാർ അറിയിച്ചു. കേസുകള്‍ ഉടന്‍ എന്‍.ഐ.എയ്ക്ക് കൈമാറുക, സംസ്ഥാനത്ത് അഫ്‌സ്പ നിയമം ഏര്‍പ്പെടുത്തിയത് പുനഃപരിശോധിക്കുക, ജനങ്ങളുടെ സുരക്ഷയും ഉറപ്പു വരുത്താനുള്ള അടിയന്തര നടപടികള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കൈക്കൊള്ളണമെന്നും എം.എല്‍.എമാര്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു കുടുംബത്തിലെ അടക്കം ആറുപേരെ കൊലപ്പെടുത്തിയതോടെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു വയസ്സുകാരന്റെ തലയില്ലാത്തത് അടക്കം ഏതാനും മൃതദേഹങ്ങള്‍ നദിയില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെട്ടിരുന്നു. വീണ്ടും സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. മണിപ്പൂരിലെ സ്ഥിതിഗതികള്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ സസൂക്ഷ്മം വിലയിരുത്തി വരികയാണ്. അക്രമം നേരിടുന്നതില്‍ മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാര്‍ പരാജയമാണെന്ന് കുറ്റപ്പെടുത്തി സഖ്യകക്ഷിയായ എന്‍പിപി പിന്തുണ പിന്‍വലിച്ചിട്ടുണ്ട്.

You might also like