മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭം, യുഎസ്സിന് മുന്നറിയിപ്പുമായി റഷ്യ
വാഷിങ്ടൻ : യുക്രെയ്നിന്റെ ഊർജമേഖലയിലുൾപ്പെടെ റഷ്യ മിസൈലാക്രമണം തുടരുന്നതിനിടെ, 300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരെ ഉപയോഗിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. റഷ്യയിലെ കുർസ്ക് മേഖലയിൽ ഉപയോഗിക്കാനാണ് അനുമതി നൽകിയത്. മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണിതെന്ന് റഷ്യ പ്രതികരിച്ചു. ഉടൻ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പു നൽകി.
ഉത്തര കൊറിയയിൽനിന്നുള്ള പതിനായിരത്തിലേറെ സൈനികർ റഷ്യൻ സേനയോടൊപ്പം യുദ്ധമുന്നണിയിലെത്തിയതു കണക്കിലെടുത്താണ് യുഎസിന്റെ നയംമാറ്റം. റഷ്യൻ പ്രദേശത്തു കടന്നുകയറി യുക്രെയ്ൻ ഇപ്പോൾ പോരാടുന്നത് കുർസ്കിൽ മാത്രമാണ്. യുക്രെയ്നിലെ ഊർജ ഗ്രിഡുകൾ ലക്ഷ്യമിട്ട് ഞായറാഴ്ച റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണം വലിയ നാശമുണ്ടാക്കി. തിങ്കളാഴ്ച മുതൽ വൈദ്യുതി നിയന്ത്രണം ഉൾപ്പെടെ വേണ്ടിവന്നു.