അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: അമ്പലപ്പുഴ കരൂരിൽ കൊന്ന് കുഴിച്ചുമൂടിയ വിജയലക്ഷ്മി(48)യുടെ മൃതദേഹം കണ്ടെത്തി. പ്രതി ജയചന്ദ്രന്റെ വീടിനു സമീപത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. നവംബർ ആറിനാണ് വിജയലക്ഷ്മിയെ കാണാതായത്.
കൊല്ലം കരുനാഗപ്പിള്ളി സ്വദേശിയാണ് വിജയലക്ഷ്മി. യുവതിയെ കൊന്ന് അന്പലപ്പുഴ കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു താഴെ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തെന്നായിരുന്നു പിടിയിലായ ജയചന്ദ്രൻ മൊഴിനൽകിയത്. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പോലീസ് പരിശോധന നടത്തിയത്.
വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധു പോലീസിൽ പരാതി നൽകിയിരുന്നു. 13നാണ് ഇവരെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എറണാകുളത്ത് എത്തിയ ജയചന്ദ്രൻ വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ചിരുന്നു. ഈ മൊബൈൽ പിന്നീട് സ്വിച്ച് ഓഫ് ആയ നിലയിൽ കെഎസ്ആർടിസി ബസിൽനിന്നു കണ്ടെത്തി.
കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടര്‍ന്ന് മൊബൈൽ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് അന്വേഷണം എത്തിയത്. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയചന്ദ്രനെതിരേ ദൃക്സാക്ഷി മൊഴിയും പോലീസിനു ലഭിച്ചിട്ടുണ്ട്.