വായു മലിനീകരണം അതിരൂക്ഷം : ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
വായു മലിനീകരണം അതിരൂക്ഷം… ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഹയര്‍ സെക്കന്‍ഡറി വരെ ഓണ്‍ലൈന്‍ ക്‌ളാസ് മതി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. വായു മലിനീകരണം നിയന്ത്രിക്കാനായി ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ സ്റ്റേജ് നാല് നടപടികള്‍ക്ക് ഇന്നലെ തുടക്കമിട്ടിരുന്നു. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന ട്രക്കുകള്‍ക്ക് മാത്രമാണ് ഡല്‍ഹിയിലേക്ക് പ്രവേശനമുള്ളത്.
കെട്ടിടങ്ങളുടെയും ദേശീയപാതകളുടെയും നിര്‍മ്മാണങ്ങള്‍ വിലക്കി. ബി.എസ് നാല് ഡീസല്‍ മീഡിയം – ഹെവി ഗുഡ്‌സ് വാഹനങ്ങളും നിരോധിച്ചു. നിയന്ത്രണങ്ങള്‍ ഇനിയൊരു ഉത്തരവു വരെ പിന്‍വലിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിയന്ത്രണം ഏര്‍പ്പെടുത്താനായി മലിനീകരണം രൂക്ഷമാകുന്നതു വരെ കാത്തിരുന്ന വായു നിലവാര മാനേജ്‌മെന്റ് കമ്മിഷനെ വിമര്‍ശിക്കുകയും ചെയ്തു.
സമീപ സംസ്ഥാനങ്ങളിലെ പാടം കത്തിക്കല്‍ വായു മലിനീകരണത്തിന് പ്രധാന കാരണമാണെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു. പാടം കത്തിക്കല്‍ എവിടെ നടക്കുന്നെന്ന് വ്യക്തമാകുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയും വേണം. ഉടന്‍ നടപടിയെടുക്കാന്‍ വേണ്ടിയാണിത്. ഐ.എസ്.ആര്‍.ഒയുടെ സഹായം തേടണം. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ ഇവ നടപ്പാക്കിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.