
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു
വത്തിക്കാന്‍ സിറ്റി: ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്കൊപ്പം വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ ഭൗതിക ശരീരം ഔദ്യോഗികമായി അടക്കം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി വത്തിക്കാനില്‍ എത്തിയത്.
ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരസൂചകമായി ഇന്ത്യ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ഔദ്യോഗിക വിനോദ പരിപാടികള്‍ ഒഴിവാക്കുകയും ചെയ്യും. ഫ്രാന്‍സിസ് മാര്‍പാപ്പ അനുകമ്പയുടെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ആഗോള പ്രതീകമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.
ഏപ്രില്‍ 26 ശനിയാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ ലോകരാഷ്ട്ര തലവന്മാരും മതമേലധ്യക്ഷന്മാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കും