
ആകാശ എയർ റിയാദ് – കൊച്ചി സെക്ടറിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു
റിയാദ്: ഗൾഫ് പ്രവാസികൾക്കും നാട്ടിലേക്ക് യാത്ര തിരിക്കുന്നവർക്കും കൂടുതൽ യാത്രാ സൗകര്യങ്ങളൊരുക്കിക്കൊണ്ട് പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയർ റിയാദ് – കൊച്ചി സെക്ടറിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു.ജൂലൈ രണ്ട് മുതലാണ് ഈ പുതിയ വിമാന സർവീസുകൾ ഔദ്യോഗികമായി ആരംഭിക്കുന്നത്.
ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്ന രീതിയിലാണ് കൊച്ചിയിൽ നിന്നും റിയാദിൽ നിന്നുമുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. റിയാദിൽ നിന്നും കൊച്ചിയിലേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവിസ്. റിയാദിൽ നിന്നും രാത്രി 9.25-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 05.25-ന് കൊച്ചിയിലെത്തും. ചൊവ്വാഴ്ചകളിൽ രാത്രി 10-ന് പുറപ്പെടുന്ന വിമാനം തൊട്ടടുത്ത ദിവസം രാവിലെ ആറിനും, വ്യാഴം, ഞായർ ദിവസങ്ങളിൽ രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.55-നും കൊച്ചിയിൽ എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം.
മടക്കയാത്രയ്ക്കായി കൊച്ചിയിൽ നിന്നും റിയാദിലേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5.25-ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 8.25-ന് റിയാദിൽ എത്തും. ചൊവ്വാഴ്ചകളിൽ വൈകുന്നേരം ആറിന് പുറപ്പെട്ട് രാത്രി ഒമ്പതിനും, വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 7.55-ന് പുറപ്പെട്ട് രാത്രി 10.55-നും വിമാനം റിയാദിൽ എത്തിച്ചേരും.
