ആഫ്രിക്കയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീ ജീവനോടെ ഉണ്ടെന്ന് വെളിപ്പെടുത്തൽ

0

ബമാകൊ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ നിന്നും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കൊളംബിയൻ കത്തോലിക്ക സന്യാസിനി സിസ്റ്റർ ഗ്ലോറിയ സെസിലിയ ജീവനോടെ ഉണ്ടെന്നു വെളിപ്പെടുത്തൽ. എന്നാൽ സിസ്റ്ററിന് സഹായം അത്യന്താപേക്ഷിതമാണെന്നും അടുത്തിടെ തീവ്രവാദികളിൽ നിന്ന് മോചനം ലഭിച്ച ഫ്രഞ്ച് മനുഷ്യാവകാശ പ്രവർത്തകയായ സോഫി പെട്രോനിൻ വെളിപ്പെടുത്തി. ഒക്ടോബർ എട്ടാം തീയതിയാണ് ഇറ്റാലിയൻ മിഷ്ണറി വൈദികനായ ഫാ. പിയർലൂയിജി മക്കാലി, സോഫി പെട്രോനിൻ എന്നിവരുൾപ്പെടെയുള്ള നാലംഗ സംഘത്തെ തീവ്രവാദികൾ വിട്ടയച്ചത്. സിസ്റ്റർ ഗ്ലോറിയ സെസിലിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് സോഫി ആവശ്യപ്പെട്ടു.

കൊളംബിയൻ സന്യാസിനിയായ ഗ്ലോറിയയുടെ ഒപ്പമായിരുന്നു താൻ കൂടുതൽ സമയവും കഴിഞ്ഞിരുന്നതെന്ന് സോഫി പെട്രോനിൻ പറഞ്ഞു. 30 ക്യാമ്പുകളിലൂടെയെങ്കിലും തങ്ങളെ കൊണ്ടുപോയിട്ടുണ്ട്. പുതപ്പും ഭക്ഷണവും, വെള്ളവും പരസ്പരം തങ്ങൾ പങ്കുവെച്ചു. തീവ്രവാദികൾ ഉപദ്രവിച്ചിട്ടില്ലെന്നും സോഫിയ വ്യക്തമാക്കി. അതേസമയം കന്യാസ്ത്രീയുടെ മോചനം ആവശ്യപ്പെട്ട് സിസ്റ്റർ സേവനം ചെയ്തുകൊണ്ടിരിന്ന ബമാകൊ രൂപതയുടെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ജിയാൻ സെർബോയും വീണ്ടും രംഗത്ത് വന്നു.

“സിസ്റ്റർ സെസിലിയയുടെയും, മറ്റുള്ളവരുടെയും മോചനത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കുന്നുണ്ട്. അവർ സേവനം ചെയ്യാൻ എത്തിയിട്ട് തട്ടിക്കൊണ്ടുപോകലിനു ഇരയായി ഇത് രാജ്യത്തിന് നാണക്കേടാണ്” അദ്ദേഹം പറഞ്ഞു. 2017 ഫെബ്രുവരി ഏഴാം തീയതിയാണ് അൽക്വയ്ദയുമായി ബന്ധമുള്ള തീവ്രവാദി സംഘടന ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗമായ സിസ്റ്റർ സെസിലിയയെ സാഹെലിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പിറ്റേവർഷം തന്നെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ഫ്രാൻസിസ് പാപ്പയോട് സഹായം അഭ്യർത്ഥിച്ചുള്ള വീഡിയോ പുറത്തുവന്നിരിന്നു.

You might also like