ട്രംപ് പ്രോലൈഫ് ചരിത്രത്തിൽ ഒരു നാഴികക്കല്ല് കൂടി:31 രാജ്യങ്ങളുടെ ഗർഭഛിദ്രവിരുദ്ധ പ്രഖ്യാപനത്തിൽ ഒപ്പിട്ടു
ലോസ് ഏഞ്ചൽസ്: ഐക്യരാഷ്ട്ര സഭാംഗങ്ങളായ 31 രാഷ്ട്രങ്ങൾ ഉൾപ്പെട്ട സംയുക്ത ഗർഭഛിദ്ര വിരുദ്ധ പ്രഖ്യാപനത്തിൽ അമേരിക്കൻ ഭരണകൂടം ഒപ്പിട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് സെക്രട്ടറി അലെക്സ് എം. അസർ എന്നിവരുടെ നേതൃത്വത്തിൽ വിർച്വലായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ജീവനും, സ്ത്രീകളുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുവാനുള്ള ആഹ്വാനമാണ് ‘ദി ജെനീവ കോൺസെൻസ് ഡിക്ലറേഷൻ’. അമേരിക്കയെ കൂടാതെ ബ്രസീൽ, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ഉഗാണ്ട എന്നീ രാജ്യങ്ങളും പ്രഖ്യാപനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ജീവന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള ആദ്യത്തെ ബഹുരാഷ്ട്ര സംഖ്യം എന്ന നിലയിൽ ജനീവ കോൺസെൻസ് ഡിക്ലറേഷൻ ചരിത്ര സംഭവമാണെന്നു മൈക്ക് പോംപിയോ പറഞ്ഞു.
ജെനീവ കോൺസെൻസ് പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്നതോടെ തങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, സ്ത്രീകളുടെ ആരോഗ്യവും, ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ സംരക്ഷണവും, സാമൂഹ്യജീവിതത്തിന്റെ അടിത്തറയെന്ന നിലയിൽ കുടുംബത്തിന്റെ പ്രാധാന്യവും എടുത്തുകാട്ടുകയാണ് പ്രഖ്യാപനത്തിന്റെ ഉള്ളടക്കമെന്നും പോംപിയോ കൂട്ടിച്ചേർത്തു. ഗർഭഛിദ്രമെന്നത് ഒരു അന്താരാഷ്‌ട്ര അവകാശമല്ലെന്നും, അബോർഷനെ സാമ്പത്തികമായി പിന്താങ്ങേണ്ട ബാധ്യത അമേരിക്കയ്ക്കില്ലെന്നും, തങ്ങളുടെ നിയമങ്ങൾക്കും നയങ്ങൾക്കും അനുസരിച്ചുള്ള പരിപാടികൾ നടപ്പിലാക്കുവാൻ രാഷ്ട്രങ്ങൾക്ക് അധികാരമുണ്ടെന്നും ജെനീവ കോൺസെൻസ് ഡിക്ലറേഷനിൽ പറയുന്നു.
ഗർഭഛിദ്രത്തിന് അന്താരാഷ്‌ട്ര തലത്തിൽ യാതൊരു അവകാശവുമില്ലെന്നും, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്ത്രീകളുടെ ആരോഗ്യത്തിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതിൽ അഭിമാനമുണ്ടെന്നും ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് സെക്രട്ടറി അലെക്സ് അസർ പറഞ്ഞത്. വ്യാഴാഴ്ച സംഘടിപ്പിച്ച പരിപാടി ജെനീവ കോൺസെൻസ് ഡിക്ലറേഷനിൽ ഒപ്പുവെക്കുവാനുള്ള അവസാന അവസരമല്ലെന്ൻ ഓർമ്മിപ്പിച്ചുകൊണ്ട് സഖ്യത്തിൽ പങ്കാളിയല്ലാത്ത രാഷ്ട്രങ്ങളെ കൂടി പ്രഖ്യാപനത്തിൽ ഒപ്പുവെക്കുവാൻ അസർ ക്ഷണിച്ചു.
എന്നാൽ പ്രഖ്യാപനത്തിനെതിരെ ആംനെസ്റ്റി ഇന്റർനാഷണൽ പോലെയുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തരുതെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് ഹുമൻ സർവീസസ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടു. ഗർഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന ‘മനുഷ്യാവകാശ’ സംഘടനയാണ് ആംനസ്റ്റി. കടുത്ത ക്രൈസ്തവ വിശ്വാസിയും പ്രോലൈഫ് പ്രവർത്തകയായ അമി കോണി ബാരെറ്റിനെ യുഎസ് സുപ്രീംകോടതി ജസ്റ്റിസായി ട്രംപ് നാമനിർദ്ദേശം ചെയ്തതിന് തൊട്ടുപിന്നാലെ ജെനീവ കോൺസെൻസ് ഡിക്ലറേഷനിൽ ഒപ്പുവെച്ചതിലൂടെ തങ്ങളുടെ പ്രോലൈഫ് നയങ്ങളിൽ യാതൊരു മാറ്റവുമുണ്ടാകില്ലായെന്ന സൂചനയാണ് ട്രംപ് ഭരണകൂടം നൽകുന്നത്.