ജർമ്മനിയിൽ അറസ്റ്റിലായ ഇസ്ലാമിക തീവ്രവാദി ക്രൈസ്തവ കൂട്ടക്കൊലയ്ക്കു പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ

0

മ്യൂണിച്ച്: ജർമ്മനിയിൽ അധികാരികളുടെ നിരീക്ഷണത്തിലിരിക്കേ അൻപത്തിയഞ്ചുകാരനായ വിനോദ സഞ്ചാരിയെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ കൊല്ലുവാൻ ശ്രമിക്കുകയും ചെയ്ത സിറിയൻ സ്വദേശിയും ഐസിസ് അംഗവുമായ ഇസ്ലാമിക തീവ്രവാദി ക്രൈസ്തവരെ കൂട്ടക്കൊലചെയ്യുവാനും, ക്രിസ്ത്യാനികളുടെ നാവരിയുവാനും പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. തോമസ്‌ എൽ എന്ന അൻപത്തിയഞ്ചുകാരനെ കുത്തിക്കൊലപ്പെടുത്തിയ അബ്ദുള്ള എ.എച്ച്.എച്ച് എന്ന ഇസ്ലാമിക തീവ്രവാദി യുവാവിനെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജർമ്മൻ പോലീസ് അറസ്റ്റ് ചെയ്തത്.

പതിനെട്ടു വയസ്സുള്ളപ്പോൾ ജുവനൈൽ ജെയിലായ അബ്ദുള്ള കൊലപാതകത്തിന് അഞ്ചു ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ജയിലിൽ നിന്നും പുറത്തുവന്നത്. അബ്ദുള്ളയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അൻപത്തിയഞ്ചുകാരനും മുറിവേറ്റ അൻപത്തിമൂന്നുകാരനും പടിഞ്ഞാറൻ ജെർമ്മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്‌ഫാലിയയിൽ നിന്നും അവധിയാഘോഷിക്കുവാൻ എത്തിയവരായിരിന്നു. “ക്രിസ്ത്യാനികളേ, നിങ്ങളെ ഞാൻ കൊന്നൊടുക്കും. നിങ്ങൾക്ക് വലിയ വായുണ്ട്, ഞാൻ നിങ്ങളുടെ നാവരിയും” എന്നാണ് ഒരു ക്രൈസ്തവനെഴുതിയ കത്തിൽ അബ്ദുള്ള പറഞ്ഞിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ജിഹാദികളെ റിക്രൂട്ട് ചെയ്ത കുറ്റത്തിനാണ് 2018-ൽ അബ്ദുള്ള ജയിലിലാകുന്നത്.

വിചാരണയ്ക്കിടയിൽ അബ്ദുള്ള തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും, സമൂഹമാധ്യമങ്ങളിലൂടെ ജിഹാദിന് ആഹ്വാനം ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ബോംബ്‌ നിർമ്മാണത്തെക്കുറിച്ചറിയുവാൻ അബ്ദുള്ള ഇന്റർനെറ്റിൽ സെർച്ച് ചെയ്തതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതേതുടർന്ൻ 2019ൽ അബ്ദുള്ളയുടെ അഭയാർത്ഥി പദവി നഷ്ടമായെങ്കിലും ആഭ്യന്തര സംഘർഷങ്ങൾ കാരണം സിറിയയിലേക്ക് നാടുകടത്തുവാൻ കഴിയാത്ത അവസ്ഥയായിരുന്നു. സംഭവം നടക്കുന്ന ദിവസത്തിന് രണ്ടു ദിവസം മുൻപ് തന്നെ അബ്ദുള്ള ഡൊമസ്റ്റിക് ഇന്റലിജൻസ് എജൻസിയുടെ സാക്സോണി ശാഖയുടെ നിരീക്ഷണത്തിൻ കീഴിലായിരുന്നുവെന്ൻ ഏജൻസിയുടെ സാക്സോണി ബ്രാഞ്ച് തലവനായ ഡിർക്ക്-മാർട്ടിൻ ക്രിസ്റ്റ്യൻ സമ്മതിച്ചു.

മാസങ്ങൾക്ക് മുൻപ് നടത്തിയ അബ്ദുള്ളയുടെ മാനസിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മോചിതനായ ശേഷവും അബ്ദുള്ള ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സാക്സോണി സ്റ്റേറ്റ് പോലീസ് തലവനായ പെട്രിക് ക്ലെയിനും പറഞ്ഞു. അബ്ദുള്ളയെപ്പോലെ നിരീക്ഷണത്തിൽ കഴിയുന്ന ഏതാണ്ട് അറുനൂറോളം തീവ്രവാദികൾ ജർമ്മനിയിൽ ഉണ്ടെന്നാണ് സാക്സോണി സംസ്ഥാന പോലീസ് പറയുന്നത്. മതനിന്ദയുടെ പേരിൽ ഫ്രഞ്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയതിന്റെ അലയടികൾ അവസാനിക്കും മുൻപ് മറ്റൊരു നിരപരാധിയെകൂടി അഭയാർത്ഥിയായെത്തിയ തീവ്രവാദി കൊലപ്പെടുത്തിയത് ലോകമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.

You might also like