പാസ്‌പോര്‍ട്ട് എടുക്കല്‍, പുതുക്കല്‍; ഈ കാര്യം നിര്‍ബന്ധമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: നിലവിലുള്ള പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴോ, പുതിയ പാസ്‌പോര്‍ട്ട് എടുക്കേണ്ടി വരുമ്പോഴോ പങ്കാളിയുടെ പേര് കൂടി ചേര്‍ക്കണമെങ്കില്‍ സമര്‍പ്പിക്കേണ്ട രേഖകളെക്കുറിച്ച് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചോ, ഭര്‍ത്താവും ഭാര്യയും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ പതിച്ച പ്രസ്താവനയില്‍ ഒപ്പിട്ട് നല്‍കിയോ പങ്കാളിയുടെ പേര് ചേര്‍ക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ നടപടിക്രമങ്ങളില്‍ മാറ്റം പ്രാബല്യത്തില്‍ വന്ന് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
സമാനമായി പാസ്‌പോര്‍ട്ടില്‍ നിന്ന് ജീവിത പങ്കാളിയുടെ പേര് ഒഴിവാക്കണമെങ്കിലും നടപടിക്രമങ്ങള്‍ പാലിക്കണം. മരണ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ കോടതിയില്‍ നിന്ന് ലഭിച്ച വിവാഹമോചന ഉത്തരവ് സമര്‍പ്പിച്ചാല്‍ പാസ്‌പോര്‍ട്ടില്‍ നിന്ന് പങ്കാളിയുടെ പേര് നീക്കം ചെയ്യാം. അതുപോലെ മറ്റൊരു വിവാഹം കഴിച്ചാല്‍ പഴയ പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ നിന്ന് മാറ്റി പുതിയ പങ്കാളിയുടെ പേര് കൂട്ടിച്ചേര്‍ക്കാനും രേഖകള്‍ സമര്‍പ്പിക്കണം. ഇതിനായി പുനര്‍വിവാഹം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. അതുമല്ലെങ്കില്‍ പുതിയ പങ്കാളിയോടൊപ്പം നില്‍ക്കുന്ന ചിത്രം പതിച്ച പ്രസ്താവനയില്‍ ഒപ്പിട്ട് സമര്‍പ്പിക്കാവുന്നതുമാണ്