വിശ്വാസകടലായി ജനലക്ഷങ്ങൾ:ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ സമാപിച്ചു.
ചന്ദനപ്പള്ളി: വിശ്വാസ ലക്ഷങ്ങൾക്ക് അനുഗ്രഹമാരി ചൊരിഞ്ഞ് ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ. സാമുദായിക ഐക്യം വിളിച്ചോതിയ ചെമ്പെടുപ്പ് റാസയോടെയാണ് വലിയപള്ളി പെരുന്നാളിന് സമാപനമായത്. നാടിൻ്റെ നാനാഭാഗത്ത് നിന്നും ഒഴുകിയെത്തിയ വിശ്വാസ സമൂഹം ചെമ്പിൻ മുട്ടിൽ എത്തി അരി സമർപ്പിച്ച് പള്ളിയിൽ തിരുശേഷിപ്പ് കബറിനു മുന്നിൽ പ്രത്യേകം പ്രാർത്ഥന നടത്തി.
ഒറ്റകൽ കുരിശിൽ വിളക് തെളിച്ച് പുണ്യവാൻ്റെ ചെമ്പെടുപ്പിൽ പങ്കെടുത്തു നേർച്ചയുമായാണ് മടങ്ങിയത്.
രാവിലെ മുതൽ പള്ളിയിലേക്ക് വൻജനപ്രവാഹം ആയിരുന്നു. പലപ്പോഴും പാതകൾ നിറഞ്ഞു കവിഞ്ഞ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലെത്തി. നനാജാതി മതസ്ഥർ ഒത്ത് ചേരുന്ന മതസൗഹാർദത്തിന്റെ വലിയ പെരുന്നാളാണ് ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ.
വിശ്വാസികൾ നേർച്ചയായി കൊണ്ടുവരുന്ന അരി ചെമ്പിലിട്ട് പകുതി വേവിച്ച് ചെമ്പിൻതണ്ടിലേറ്റി കൽക്കുരിശി്ന് സമീപത്തെ കുതിരപ്പുരയിലേക്ക് കൊണ്ടുവരുന്ന ചടങ്ങാണ് വിഖ്യാതമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. ലോകത്ത് ആദ്യമായി ചെമ്പെടുപ്പ് എന്ന ആചാര അനുഷ്ഠാനത്തിന് ആരംഭം കുറിച്ച വലിയ പള്ളി, വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവ്വം ദേവാലയങ്ങളിൽ ഒന്നുമാണ്.
അതിരാവിലെ ചെമ്പിൽ അരിയിടീൽ കർമ്മത്തിന് അങ്ങാടിക്കൽ മേക്കാട്ട് തറവാട്ടിലെ ഇളം തറമുറയിലെ കാരണവരെത്തി പരമ്പരാഗതമായ ചടങ്ങുകളോടെ അരിയിടീൽ കർമ്മം നിർവഹിച്ചു. തുടർന്നാണ് വിവിധ ദേശങ്ങളിൽ നിന്ന് എത്തിയ ജനലക്ഷങ്ങൾ കർമ്മത്തിൽ പങ്കാളികളായത്. രാവിലെ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാബാവ, കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, ഡോ. ഏബ്രഹാം മാർ സെറാഫിം, എന്നിവർ നേത്യത്വം നൽകി. തീർത്ഥാടക സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. പരിശുദ്ധ കാതോലിക്കാ ബാബ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബഹിരാകാശ ശാസ്ത്രജ്ഞ ഡോക്ടർ ടെസി തോമസിന് ഓർഡർ ഓഫ് സെൻ്റ് ജോർജ്ജ് പുരസ്കാരം നൽകി ആദരിച്ചു. സഭാ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫല് ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാദർ ഷിജു ജോൺ, ഫാദർ ജോ0 മാത്യു, ഡോ. ജോർജ് വർഗീസ് കൊപ്പാറ,അഡ്വ. അനിൽ പി വർഗീസ്, കെ എസ് തങ്കച്ചൻ, പി ഡി ബേബിക്കുട്ടി,ജേക്കബ് ജോർജ് ,റോയ് വർഗീസ്, ലിബിൻ തങ്കച്ചൻ, എന്നിവർ പ്രസംഗിച്ചു.