കുവൈത്തിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നിലവിൽ വന്നു

0

കുവൈത്ത് സിറ്റി : കൊടുംചൂടിലേക്കു കടന്നതോടെ കുവൈത്തിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നിലവിൽ വന്നു. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് മധ്യാഹ്ന ഇടവേള. ജോലിസമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിച്ചാണ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 31 വരെ 3 മാസം നീളുന്നതാണ് ഉച്ചവിശ്രമം.

കൊടുംചൂടിൽ നിന്ന് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചവിശ്രമം നൽകുന്നത്. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ  അറിയിച്ചു.  അടിയന്തര സേവന മേഖല ഒഴികെ പുറം ജോലി ചെയ്യുന്ന എല്ലാ വിഭാഗം കമ്പനികളും നിയമം പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

ചൂടുകാലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കും. ജീവാപായം വരെ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് 4 മണിക്കൂർ ഇടവേള നൽകിവരുന്നത്.

നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ആദ്യം മുന്നറിയിപ്പ് നൽകും. ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 മുതൽ 200 ദിനാർ (27252-54505 രൂപ) വരെ പിഴ ഈടാക്കും. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാനാകാത്ത വിധം സ്ഥാ‍പനത്തിന്റെ ഫയൽ താൽക്കാലികമായി മരവിപ്പിക്കുമെന്നും പറഞ്ഞു

You might also like