ശ്രീലങ്കയിൽ ശക്തമായ മഴയും, വെള്ളപ്പൊക്കവും ; പത്ത് മരണം, അഞ്ചു പേരെ കാണാതായി
കൊളമ്പോ: ശ്രീലങ്കയിൽ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പത്ത് പേർ മരിച്ചു. അഞ്ചു പേരെ കാണാതായതായും വിവരമുണ്ട്. 24 മണിക്കൂറായി മഴ ശക്തമായി തുടരുകയാണ്. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളമ്പോയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച 150 എംഎം മഴയാണ് ഇവിടെ ലഭിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽനിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയർലിഫ്റ്റ്ചെയ്ത് ആശുപത്രികളിലേക്ക് മാറ്റാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. തിങ്കളാഴ്ചയും മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.