ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ വിടുന്നത് നിർത്തി ഉത്തരകൊറിയ
സോൾ: ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ വിടുന്നത് നിർത്തുകയാണെന്ന് ഉത്തരകൊറിയ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 ടൺ മാലിന്യങ്ങളാണ് ഇത്തരത്തിൽ ബലൂണികളിലായി ദക്ഷിണ കൊറിയയിലേക്ക് എത്തിയത്. ഉത്തര കൊറിയയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. അതിർത്തിയിലേക്ക് മാലിന്യങ്ങൾ എത്തിക്കുന്നത് താത്കാലികമായി നിർത്തുകയാണെന്നാണ് ഉത്തരകൊറിയയുടെ വൈസ് ഡിഫൻസ് മിനിസ്റ്റർ കിം കാങ് ഇൽ അറിയിച്ചത്.
ഉത്തരകൊറിയയുടെ ഭരണ നേതൃത്വത്തിനെതിരായി നടത്തിയ കുപ്രചരണങ്ങളെ ചെറുക്കുന്നതിന് വേണ്ടിയുള്ള പ്രതിരോധമാണിതെന്നാണ് കിം കാങ് ഇല്ലിന്റെ വാദം. സിഗരറ്റ് കുറ്റികൾ, കാർഡ് ബോഡുകൾ, തുണിക്കഷണങ്ങൾ, ടോയ്‌ലറ്റ് പേപ്പറുകൾ തുടങ്ങിയവയാണ് വലിയ ബലൂണുകളിലാക്കി അതിർത്തി വഴി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. ദക്ഷിണ കൊറിയ തങ്ങൾക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള കൃത്യവും കർശനവുമായ മറുപടിയാണിതെന്നും കിം പറഞ്ഞു.