വോട്ടർമാർ ഇനി പൗരത്വവും തെളിയിക്കണം; നിർണായകമായ റിപ്പബ്ലിക്കന്‍ ബില്‍ പാസാക്കി അമേരിക്കൻ പ്രതിനിധി സഭ

0

വാഷിങ്ടൺ ഡിസി: യുഎസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പബ്ലിക്കന്‍ പാർട്ടി അവതരിപ്പിച്ച നിർണായകമായ ബിൽ പാസാക്കി അമേരിക്കൻ പ്രതിനിധി സഭ. തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യുമ്പോൾ യുഎസ് പൗരത്വത്തിന്റെ തെളിവ് നിർബന്ധമാക്കുന്ന നിയമനിർമാണത്തിനാണ് സഭ അംഗീകാരം നൽകിയിരിക്കുന്നത്.

‘സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി ആക്ട്’ എന്നറിയപ്പെടുന്ന ബിൽ ഇനി സെനറ്റ് പരിഗണിക്കും. സെനറ്റില്‍ കൂടി പാസായാല്‍ മാത്രമേ ബില്ലിന് യുഎസ് കോണ്‍‌ഗ്രസിന്‍റെ അംഗീകാരം ലഭിച്ചുവെന്ന് പറയാന്‍ സാധിക്കൂ.

ശരിയായ രേഖകള്‍ ലഭിക്കാത്ത ദശലക്ഷക്കണക്കിന് യുഎസ് പൗരന്മാരെ ഈ നിയമം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങള്‍ ബില്ലിനെതിരെ അണിനിരന്നു. നാല് ഡെമോക്രാറ്റുകൾ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. എന്നാല്‍ യുഎസ് തിരഞ്ഞെടുപ്പുകളിൽ രാജ്യത്തെ ശരിയായ പൗരന്മാർ മാത്രമാണ് വോട്ടുചെയ്യുന്നതെന്ന് ഉറപ്പാക്കാനും ഇലക്ഷന്‍ സംബന്ധിച്ച ട്രംപിന്‍റെ ഉത്തരവ് നിയമമാക്കാനും ബില്‍ ആവശ്യമാണെന്നായിരുന്നു മുൻനിര റിപ്പബ്ലിക്കൻമാരുടെ വാദം.

ഇത് രണ്ടാം തവണയാണ് പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാർട്ടി ഈ ബില്‍ പാസാക്കുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ബില്‍ സെനറ്റില്‍ പരാജയപ്പെടുകയായിരുന്നു. ഈ വർഷവും സമാനമായ സാഹചര്യമുണ്ടാകാനാണ് സാധ്യത. സെനറ്റിന്‍റെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാർട്ടിക്കാണെങ്കിലും ബില്‍ പാസാക്കിയെടുക്കുന്നതിന് ആവശ്യമായ 60 വോട്ടുകള്‍ക്ക് താഴെയാണ് അവരുടെ അംഗസംഖ്യ.

നിലവില്‍ ഒരു യുഎസ് വോട്ടർക്ക് വോട്ട് ചെയ്യുന്നതിനായി അവരുടെ വോട്ടർ ഐഡിയുടെ ആവശ്യകത മാത്രമാണുള്ളത്. ഡ്രൈവിങ് ലൈസൻസ്, സ്റ്റേറ്റ് ഐഡി, അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ സ്വീകാര്യമാണ്.

ചില സ്റ്റേറ്റുകള്‍ ജനന സർട്ടിഫിക്കറ്റ്, സോഷ്യൽ സെക്യൂരിറ്റി കാർഡുകൾ, എന്നിങ്ങനെയുള്ള ഫോട്ടോ പതിച്ചിട്ടില്ലാത്ത ഐഡികളും സ്വീകരിക്കാറുണ്ട്. എന്നാല്‍ ബില്‍ പാസായാല്‍ ഫെഡറൽ വോട്ടർ രജിസ്ട്രേഷൻ ഫോം ഉപയോഗിക്കുന്ന എല്ലാ അപേക്ഷകരും അവരുടെ പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസിൽ നേരിട്ട് പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നൽകേണ്ടി വരും. സാധുവായ യുഎസ് പാസ്‌പോർട്ടും സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റോട് കൂടിയ സർക്കാർ നൽകിയ ഫോട്ടോ ഐഡി കാർഡും ഉള്‍പ്പെടെയുള്ളവയാകും സ്വീകാര്യമായ തിരിച്ചറിയല്‍ രേഖകള്‍

You might also like