
അമേരിക്ക ഏത് നിമിഷവും നിലംപതിക്കും, സ്വർണശേഖരം തിരിച്ചെടുക്കാൻ ജർമ്മനി
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെക്കുറിച്ച് ഉയർന്ന് വരുന്ന ആശങ്കകൾ കാരണം ജർമ്മനി ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ ശേഖരം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ന്യൂസ് വീക്കിന്റെ റിപ്പോർട്ട്. അടുത്ത സർക്കാരിനെ നയിക്കാൻ സാധ്യതയുള്ള രാജ്യത്തെ യാഥാസ്ഥിതിക ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) പാർട്ടി, ട്രംപിന്റെ താരിഫുകളും ഒറ്റപ്പെടൽ നിലപാടുകളും കാരണം സ്വർണ്ണം തിരിച്ച് രാജ്യത്തെത്തിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. വിദേശനയം, വ്യാപാര ബന്ധങ്ങൾ, ആഭ്യന്തര രാഷ്ട്രീയം തുടങ്ങിയ അമേരിക്കയിലെ സമീപകാല സംഭവവികാസങ്ങളാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ ജർമ്മനിയെ ചിന്തിപ്പിച്ചത്.
ഏകദേശം €113 ബില്യൺ (£96 ബില്യൺ) വിലമതിക്കുന്ന ജർമ്മനിയുടെ സ്വർണ്ണ ശേഖരം നിലവിൽ ന്യൂയോർക്കിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൊത്തം സ്വർണ്ണ ശേഖരത്തിന്റെ 37% ഫെഡറൽ റിസർവിലാണ്. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കിക്കൊണ്ട്, സിഡിയു രാഷ്ട്രീയക്കാർ സ്വർണ്ണ ശേഖരം പതിവായി അമേരിക്കയിലെത്തി പരിശോധിക്കുന്നതിനോ അല്ലെങ്കിൽ അവ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനോ വേണ്ടി വാദിക്കുകയാണിപ്പോൾ. ചിലർ എല്ലാ ജർമ്മൻ സ്വർണ്ണ ശേഖരവും ഫ്രാങ്ക്ഫർട്ടിലേക്കോ കുറഞ്ഞത് യൂറോപ്പിലേക്കോ ഉടനടി മാറ്റണമെന്ന് വാദിക്കുന്നു.
