യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഒരു കരാറിലും ഒപ്പിടില്ല ; ഹമാസ്
ഗാസ : ഗാസയിൽ നടക്കുന്ന ഇസ്രയേലിന്റെ നരഹത്യ അവസാനിപ്പിച്ചില്ലെങ്കിൽ ഒരു കരാറിലും ഒപ്പിടില്ലെന്ന് വ്യക്തമാക്കി പലസ്തീൻ വിമോചന സംഘടനയായ ഹമാസ്. ബന്ദിമോചനവും വെടിനിർത്തലും സംബന്ധിച്ച് ദോഹയിൽ നടന്ന ദ്വിദിന ചർച അവസാനിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. ചർച്ച പരാജയപ്പെടാൻ കാരണം ഇസ്രായേലാണ്. മേയ് അവസാനം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച കരാറിന്റെ രൂപരേഖയോട് ജൂലൈ 2 ന് തന്നെ ഞങ്ങൾ പ്രതികരിച്ചിരുന്നു. ആ ചട്ടക്കൂടിനുള്ളിൽ നിന്നുള്ള കരാറിന് മാത്രമേ ഞങ്ങൾക്ക് താൽപ്പര്യമുള്ളൂ’ – ഹമാസ് വ്യക്തമാക്കി. എന്നാൽ ഗാസയിൽ വെടിനിർത്തൽ -ബന്ദിമോചന കരാറിലേക്ക് കൂടുതൽ അടുത്തിരിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ പറഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദോഹയിൽ നടന്ന സന്ധി സംഭാഷണത്തിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം.