സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠിയുടെ കുത്തേറ്റതിന് പിന്നാലെ ഉദയ്പൂരിൽ സാമുദായിക സംഘർഷം
ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടാനുള്ള സാധ്യതയെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രദേശത്ത് ഇന്റര്‍നെറ്റും റദ്ദാക്കി. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് സംഭവങ്ങളുണ്ടായത്. പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ഭാട്ടിയനി ചോട്ട പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് വിദ്യാർഥികൾ തമ്മിലടിച്ചത്. കത്തിയാക്രമണത്തിൽ വിദ്യാർഥിക്ക് തുടയിൽ കുത്തേറ്റു.
കുട്ടിയുടെ ആരോഗ്യനില അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചു. ആക്രമിച്ച കുട്ടിയെയും പിതാവിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തുടർന്നുണ്ടായ ആക്രമണത്തിൽ നാലോളം കാറുകൾ തീവെച്ചു. നഗരത്തിലെ ബാപ്പൂ ബസാര്‍, ഹാത്തിപോലെ, ചേതക് സര്‍ക്കിള്‍ അടക്കമുള്ള മേഖലകളിലെ മാര്‍ക്കറ്റുകള്‍ അടച്ചു.ഷോപ്പിങ് മാളിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ജനം തടിച്ചുകൂടിയെങ്കിലും പൊലീസ് ഇടപെട്ട് നീക്കി. നഗരം പൂർണമായും പൊലീസ് നിരീക്ഷണത്തിലാണെന്നും കലക്ടർ അറിയിച്ചു വ്യാജ വിവരങ്ങൾ പങ്കുവെക്കരുതെന്നും കലക്ടർ അറിയിച്ചു.