ഇസ്രായേലിനെ വിറപ്പിച്ച് ഹൂതികളുടെ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണം
തെൽ അവീവ്: യെമനിൽനിന്ന് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിന്റെ ആഘാതത്തിലാണ് ഇസ്രായേൽ. തങ്ങളുടെ പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ 11.5 മിനിറ്റിൽ 2040 കിലോമീറ്റർ താണ്ടിയാണ് ഇസ്രായേലിലെത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്‍യ സാരീ പറഞ്ഞു. തെൽ അവീവിന് സമീപത്തെ സൈനിക കേന്ദ്രമായ ജാഫ മേഖലയാണ് ഹൂതികൾ ലക്ഷ്യമിട്ടത്. മിസൈലിനെ തടയാൻ ശത്രുക്കൾക്ക് സാധിച്ചില്ലെന്നും അത് ലക്ഷ്യം നേടിയെന്നും സാരീ കൂട്ടിച്ചേർത്തു.
20 ഇന്‍റർസെപ്റ്ററുകൾ മറികടന്നാണ് തങ്ങളുടെ മിസൈൽ ഇസ്രായേലിൽ എത്തിയതെന്ന് മീഡിയ ഓഫിസ് ഡെപ്യൂട്ടി ഹെഡ് നസറുദ്ദീൻ അമേർ പറഞ്ഞു. ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ഫലസ്തീൻ 2’ എന്ന മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചത്. മിസൈൽ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഹൂതികൾ പുറത്തുവിട്ടിട്ടുണ്ട്. 2150 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. ശബ്ദത്തേക്കാൾ 16 ഇരട്ടി വേഗതയിലാണ് ഇത് സഞ്ചരിക്കുക. അയേൺ ഡോം പോലുള്ള ലോകത്തിലെ അതിനൂതന പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇതിന് സാധിക്കുമെന്നും ഹൂതികൾ അവകാശപ്പെടുന്നു.
ഞായറാഴ്ച രാവിലെയായിരുന്നു ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണമുണ്ടാകുന്നത്. മിസൈൽ വരുന്നതിന് മുമ്പായി തെൽ അവീവിലും മധ്യ ഇസ്രായേലിലും അപായ സൈറണുകൾ മുഴങ്ങി. ഇതോടെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ഏകദേശം 23,65,000 പേർ ഇത്തരത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിരോധ സംവിധനം ഉപയോഗിച്ച് മിസൈൽ തകർത്തുവെന്നും ഇതിന്റെ ഭാഗങ്ങൾ ഒഴിഞ്ഞ സ്ഥലത്തും റെയിൽവേ സ്റ്റേഷന് സമീപവും പതിച്ചതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. തെൽ അവീവിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള മോദിൻ സ്റ്റേഷന്റെ ഗ്ലാസ് തകർന്നതിന്റെയും സ്റ്റേഷന്റെ ഒരു ഭാഗത്ത് തീപിടിച്ചതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മിസൈലിന്റെ ചീളുകൾ പതിച്ചാണ് തീപിടിത്തമുണ്ടായത്.
പിന്തുണച്ച് ഹമാസും ഹിസ്ബുല്ലയും
തെൽ അവീവിന് നേരെയുള്ള ആക്രമണത്തിന് ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. അതേസമയം, ഹൂതി ആക്രമണത്തെ പിന്തുണച്ചുകൊണ്ട് ഹമാസും ഹിസ്ബുല്ലയും രംഗത്തുവന്നു. ഗസ്സ മുനമ്പിലെ നമ്മുടെ ജനങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് സുരക്ഷിത്വം അനുഭവിക്കാൻ സാധിക്കില്ലെന്ന് ഹമാസ് പറഞ്ഞു.