റിയാദ്: സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യക്കാരുടെ പങ്കിനെ പ്രശംസിച്ച് മാദ്ധ്യമ ഉപമന്ത്രി ഖാലിദ് ബിൻ അബ്ദുൾഖാദർ അൽ-ഗാംദി. 20.6 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനമാണെന്നും ഇന്ത്യക്കാരുടെ സംഭാവനകൾ എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തികം, സാംസ്കാരികം തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം ദൃഢമാണെന്നും മാദ്ധ്യമ ഉപമന്ത്രി പറഞ്ഞു. 2030 -ഓടെ സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാനായി ’ക്വാളിറ്റി ഓഫ് ലൈഫ്’ പ്രോഗ്രാമിന്റെ ഭാഗമായി സൗദി അറേബ്യയിലെ മാദ്ധ്യമ മന്ത്രാലയം റിയാദിൽ ‘ഗ്ലോബൽ ഹാർമണി’ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ എത്രത്തോളം സൗഹാർദ്ദത്തോടെയും ഒത്തൊരുമയോടെയുമാണ് കഴിയുന്നതെന്ന് ലോകത്തെ അറിയിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻകാല സൗദി സന്ദർശനങ്ങളെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് ഓരോ സന്ദർശനത്തിലൂടെയും അറിയാനാകുന്നത്. 2016-ലും 2019-ലും പ്രധാനമന്ത്രി സൗദിയിലെത്തിയിരുന്നുവെന്നും മന്ത്രി ഓർമിച്ചു. സൗഹാർദപരമായ ബന്ധത്തെ ചേർത്ത് പിടിച്ച് മിഷൻ 2030-ലേക്ക് സൗദി കടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.