വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 മരണം

0

നൈജീരിയ: വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ മരിക്കുകയും 50 പേർക്ക് പരുക്കേല്ക്കുകയും ചെയ്തു. വടക്കൻ ജിഗാവ സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ടാങ്കർ തകർന്നതിനെത്തുടർന്ന് റോഡിൽ നിന്ന് ഇന്ധനം ശേഖരിക്കാൻ ശ്രമിച്ചവരാണ് മരിച്ചവരിൽ ഭൂരിഭാഗവുമെന്ന് പോലീസ് വക്താവ് ലവാൻ ഷിസു ആദം എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു.

മരണസംഖ്യ ഉയരാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ട്രക്കുമായി കൂട്ടിയിടിക്കാതിരിൻ വെട്ടിച്ചതാണ് ടാങ്കർ മറിയാനിടയാക്കിയത്. അപകടത്തെ തുടർന്ന് റോഡിലേക്കും അഴുക്കുചാലുകളിലേക്കും ഒലിച്ചിറങ്ങിയ ഇന്ധനം ശേഖരിക്കാൻ പ്രദേശവാസികൾ വാഹനത്തിന് ചുറ്റും തടിച്ചുകൂടി. ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും ആളുകൾ മാറിയില്ല. ഇതിനിടെ ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നൈജീരിയയിൽ ഇന്ധന ടാങ്കർ സ്ഫോടനങ്ങൾ സാധാരണമാണ്. റോഡുകളുടെ ശോച്യാവസസ്ഥയാണ് പലപ്പോഴും അപകടങ്ങൾ വരുത്തിവെക്കുന്നത്. അപകടത്തെത്തുടർന്ന് ആളുകൾ ഇന്ധനം ശേഖരിക്കാൻ ശ്രമിക്കുന്നതും പതിവാണ്.

You might also like