ഇസ്രേലി ആക്രമണം; മൂന്നു ലബനീസ് സൈനികർ കൊല്ലപ്പെട്ടു
പാരിസ്: ഇസ്രേലി ആക്രമണത്തിൽ ലബനീസ് സേനയിലെ മൂന്നു പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ യേതെർ ഗ്രാമത്തിൽ പരിക്കേറ്റവരെ ഒഴിപ്പിച്ചുമാറ്റുന്നതിനിടെയാണ് സൈനികർ ആക്രമണത്തിനിരയായത്. കൊല്ലപ്പെട്ടവരിൽ ഒരു ഓഫീസറും ഉൾപ്പെടുന്നു. സെപ്റ്റംബറിൽ ഹിസ്ബുള്ള-ഇസ്രയേൽ യുദ്ധമാരംഭിച്ചശേഷം ഇത് എട്ടാം തവണയാണു ലബനീസ് സേന ആക്രമിക്കപ്പെടുന്നത്.
ഇതിനിടെ, ലബനനിൽ വെടിനിർത്തൽ ലക്ഷ്യമിട്ട് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ അന്താരാഷ്ട്ര ഉച്ചകോടി ആരംഭിച്ചു. ലബനനിൽ ജീവകാരുണ്യ സഹായം എത്തിക്കുന്നതിനു പുറമേ ലബനീസ് സേനയെ ശക്തിപ്പെടുത്തുന്നതുകൂടി ലക്ഷ്യമിട്ടാണ് ഉച്ചകോടി. ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷത്തിനുള്ള നയതന്ത്ര പരിഹാരത്തിൽ ലബനീസ് സേനയ്ക്കു പ്രധാന പങ്കുവഹിക്കാനാകുമെന്നാണു നിഗമനം.