
തിരുവനന്തപുരം ജനറൽ ആശുപത്രി നവീകരണം: ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു
തിരുവനന്തപുരം ജനറൽ ആശുപത്രിയെ ലോകനിലവാരത്തിലുള്ള ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള 137 കോടി രൂപയുടെ ബഹുനില മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആധുനിക മന്ദിരം യാഥാർത്ഥ്യമാകുന്നതോടെ മെഡിക്കൽ കോളേജുകളിൽ മാത്രം ലഭ്യമാകുന്ന അതിനൂതന സൗകര്യങ്ങൾ സാധാരണക്കാർക്ക് ജനറൽ ആശുപത്രിയിൽ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനറൽ ആശുപത്രിയുടെ പുതിയ മന്ദിരം തിരുവനന്തപുരത്തെ ആരോഗ്യരംഗത്തെ സംബന്ധിച്ച് സുപ്രധാനമായ ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ അഭിമാനമാണ്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും കാത്ത് ലാബ്, സ്‌ട്രോക്ക് ഐ.സി.യു തുടങ്ങിയ സംവിധാനങ്ങളും ഇന്ന് ഒരുപാട് സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. എന്നാൽ ഈ നേട്ടങ്ങൾ മറച്ചുപിടിക്കാനും ആരോഗ്യമേഖലയെ തകർക്കാനും ഒരു കൂട്ടം ആളുകൾ ശ്രമിക്കുകയാണ്. ഇതിന് പിന്നിൽ അന്താരാഷ്ട്ര കോർപ്പറേറ്റ് താത്പര്യങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുൻപ് മരുന്നും ഡോക്ടർമാരും ഇല്ലാതെ തളർന്നുപോയ സർക്കാർ ആശുപത്രികളെ ആർദ്രം മിഷൻ ഉൾപെടെയുള്ള സംവിധാനങ്ങളിലൂടെ സർക്കാർ വീണ്ടെടുത്തു. കോവിഡ് കാലത്ത് ലോകം മുഴുവൻ തകർന്നപ്പോൾ കേരളം പിടിച്ചുനിന്നത് നാം ഒരുക്കിയ ഈ സൗകര്യങ്ങൾ കൊണ്ടാണ്. നമ്മുടെ ശിശു മരണനിരക്ക് അമേരിക്കയേക്കാൾ കുറവാണെന്നത് വികസിത രാജ്യങ്ങൾ പോലും അത്ഭുതത്തോടെയാണ് കാണുന്നത്. ആശുപത്രികളിൽ സംഭവിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ചിലർ ശ്രമിക്കുന്നു. ഇത്തരക്കാർ കോർപ്പറേറ്റ് ആശുപത്രികളിലെ വീഴ്ചകൾ കാണുന്നില്ല. സർക്കാർ ആശുപത്രികളിലെ ജീവനക്കാർ അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. അവിടെ എന്തെങ്കിലും വീഴ്ചയുണ്ടായാൽ സർക്കാർ കർശന നടപടി സ്വീകരിക്കും.
