
ലെബനനിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി, പിഞ്ചുകുഞ്ഞുങ്ങളടക്കം 254 പേർ കൊല്ലപ്പെട്ടു
ബെയ്‌റൂത്ത്: ലെബനനിൽ പത്ത് മിനിറ്റിനുള്ളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം 254 പേർ കൊല്ലപ്പെട്ടു. 1,165 പേർക്ക് പരിക്കേറ്റു. 1990ലെ ആഭ്യന്തര യുദ്ധത്തിന് ശേഷം ലെബനൻ കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. ജനസാന്ദ്രതയേറിയ ബെയ്‌റൂത്തിൽ ബാർബർ മേഖലയിലടക്കം നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ ഒരേസമയം ബോംബുകൾ വർഷിച്ചത്.
ആക്രമണത്തിൽ തകർന്നടിഞ്ഞ് ബെയ്‌റൂട്ട്; കോർണിഷ് അൽ-മസ്‌റയിൽ നിന്നുള്ള ദൃശ്യം.ഫോട്ടോ: Houssam Shbaro/Anadolu/Getty Images
‘ഓപറേഷൻ എറ്റേനൽ ഡാർക്ക്നസ്’ എന്ന് പേരിട്ട ആക്രമണത്തിൽ ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററുകളാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേൽ വാദം. എന്നാൽ, മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു. വീടുകൾക്ക് മുകളിൽ 1000 പൗണ്ട് ഭാരമുള്ള ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. 2020ലെ ബെയ്‌റൂത്ത് തുറമുഖ സ്‌ഫോടനത്തേക്കാൾ ഭീകരമായ നാശനഷ്ടങ്ങളാണ് ഇത്തവണ ഉണ്ടായത്.
