മാരത്തണില്‍ പങ്കെടുത്ത് മഞ്ഞുമഴയില്‍ പെട്ടുപോയവരെ രക്ഷിച്ച ഇടയന്‍ ഹീറോയാകുന്നു; നാടെങ്ങും ആദരം

0

ബെയ്ജിങ്: മഞ്ഞുമഴയിലും മോശം കാലാവസ്ഥയിലുംപെട്ട് മൃതപ്രായരായ ആറു പേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് ഒരു ആട്ടിടയന്‍. ചൈനയില്‍നിന്നാണ് ഈ നല്ല വാര്‍ത്ത. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചൈനയില്‍ മാരത്തണില്‍ പങ്കെടുത്ത 21-പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ആ ദുരന്തത്തില്‍പ്പെട്ട ആറു പേരെയാണ് ഷൂ കെമിങ് എന്ന ആട്ടിടയന്‍ രക്ഷിച്ചത്. രാജ്യമെമ്ബാടുനിന്നും ആദരം ഏറ്റുവാങ്ങുകയാണ് ഇന്ന് കെമിങ്.

മൂന്നു ദിവസം മുന്‍പാണ് വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവില്‍ 100 കിലോ മീറ്റര്‍ ക്രോസ് കണ്‍ട്രി മൗണ്‍ടെയ്ന്‍ മാരത്തണ്‍ നടന്നത്. 172-പേരായിരുന്നു മാരത്തണില്‍ പങ്കെടുത്തത്. മാരത്തണിനിടയ്ക്ക് കാലാവസ്ഥ മോശമാവുകയായിരുന്നു. മഞ്ഞുമഴയും അതിശക്തമായ കാറ്റും വന്നതോടെ മാരത്തണില്‍ പങ്കെടുത്തവര്‍ അപകടത്തിലാവുകയായിരുന്നു.

ശനിയാഴ്ച പതിവുപോലെ ആടിനെ മെയ്‌ക്കുകയായിരുന്നു കെമിങ്. ഉച്ചയോടെ കാറ്റ് വീശാന്‍ തുടങ്ങി. പിന്നാലെ മഴയുമെത്തി. അതോടെ താപനില കുറയുകയും തണുപ്പ് ശക്തി പ്രാപിക്കുകയും ചെയ്തതായി കെമിങ് ചൈനീസ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. തുടര്‍ന്ന് കെമിങ്, അടിയന്തര ആവശ്യങ്ങള്‍ക്കായി ഭക്ഷണവും വസ്ത്രങ്ങളും സൂക്ഷിച്ചിരുന്ന ഗുഹയിലേക്ക് പോയി.

അപ്പോഴാണ് മാരത്തണില്‍ പങ്കെടുത്ത ഒരാള്‍ തണുത്തു മരവിച്ച്‌ നില്‍ക്കുന്നത് കണ്ടത്. കെമിങ് ഉടനെ അയാളെ ഗുഹയ്ക്കുള്ളിലേക്ക് കൊണ്ടുവന്നു. തണുത്തു മരവിച്ച അദ്ദേഹത്തിന്റെ കൈകാലുകള്‍ തിരുമ്മി ചൂടാക്കി. ഗുഹയ്ക്കുള്ളില്‍ തീ കത്തിച്ച്‌ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ ഉണക്കാനും സഹായിച്ചു. മാരത്തണില്‍ പങ്കെടുത്ത നാലു പേരെ കൂടി കെമിങ് ഗുഹയിലേക്ക് കൊണ്ടുവന്നു. അവരാണ് ചിലര്‍ പുറത്തുണ്ടെന്നും മറ്റു ചിലര്‍ അര്‍ധബോധാവസ്ഥയിലാണെന്നും കെമിങ്ങിനോടു പറഞ്ഞത്.

തുടര്‍ന്ന് ഒരു വട്ടം കൂടി കെമിങ് പുറത്തേക്ക് പോയി. തണുപ്പിനെയും മഴയെയും വകവെക്കാതെ മുന്നോട്ടു പോയപ്പോള്‍ മണ്ണില്‍ വീണു കിടന്ന ഒരാളെ കൂടി കണ്ടു. അദ്ദേഹത്തെ തോളിലേറ്റി കെമിങ് ഗുഹയിലെത്തിച്ചു. കെമിങ് രക്ഷിച്ച ആറു പേരില്‍ മൂന്നു പേര്‍ സ്ത്രീകളും മൂന്നു പേര്‍ പുരുഷന്മാരുമാണ്. രക്ഷിച്ചയാളെ ഒന്ന് കാണാനും കാത്തിരിക്കുകയുമാണ് കെമിങ് രക്ഷപ്പെടുത്തിയ ആളുകള്‍. പലരും ഇക്കാര്യം ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. താനൊരു സാധാരണക്കാരനാണെന്നും വളരെ സാധാരണമായ ഒരു കാര്യമാണ് ചെയ്തതെന്നും കെമിങ് പ്രതികരിച്ചു. കൂടുതല്‍ ആളുകളെ രക്ഷിക്കാന്‍ സാധിക്കാത്തില്‍ ദുഃഖമുണ്ടെന്നും കെമിങ് കൂട്ടിച്ചേര്‍ക്കുന്നു.

You might also like