യുകെ വെന്തുരുകുന്നു; 19 ഇടങ്ങളിൽ കാട്ടുതീ സജീവം, പലയിടത്തും ദുരന്താവസ്ഥ പ്രഖ്യാപിച്ചു

0

ലണ്ടൻ∙ ഉഷ്ണതരംഗം തുടരുന്നതിനിടെ യുകെയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ വ്യാപിക്കുന്നു. മഴയുടെ അഭാവവും അതിശക്തമായ ചൂടും മൂലം സ്ഥിതി ഗുരുതരമാണെന്നും അഗ്നിരക്ഷാസേന കടുത്ത സമ്മർദത്തിലാണെന്നും നാഷനൽ ഫയർ ചീഫ്സ് കൗൺസിൽ (NFCC) ചെയർമാൻ ഫിൽ ഗാരിഗൻ പറഞ്ഞു. ‘മഴയ്ക്ക് സാധ്യതയില്ലെന്നാണ് നിലവിലെ പ്രവചനം. അതിനാൽ കാട്ടുതീ നിയന്ത്രിക്കുന്നത് കൂടുതൽ ദുഷ്കരമാകുകയാണ്’ എന്നായിരുന്നു ഫിൽ ഗാരിഗന്റെ പ്രതികരണം.

നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 ഓളം കാട്ടുതീകൾ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച നോർത്ത് വെയിൽസിലെ കോൺവിയിലും ഇംഗ്ലണ്ടിലെ ഡർബിഷെയറിലെ ഗ്ലോസോപ്പിലും ദുരന്താവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചയും നിരവധി സ്ഥലങ്ങളിൽ അഗ്നിരക്ഷാസേനയുടെ പ്രവർത്തനം തുടരുകയാണ്. നോർത്ത് വെയിൽസിലെ കോൺവി മലനിരകളിൽ ഉണ്ടായ കാട്ടുതീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. എന്നാൽ ബെഥെസ്ഡയ്ക്കു സമീപമുള്ള ബ്രൈഖ്മെലിൻ വനമേഖലയിലും ഹാർലെക്കിന് സമീപത്തെ റൈനോഗിദ് മലനിരകളിലും തീ പൂർണമായി അണഞ്ഞിട്ടില്ല.

You might also like