ജീവനക്കാരെ വെട്ടിനിരത്തിയത് എ.ഐ; മെറ്റയെ കോടതി കയറ്റി ജീവനക്കാര്‍

0

സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടെന്ന ആരോപണവുമായി പ്രമുഖ ടെക് ഭീമനായ മെറ്റയ്ക്കെതിരെ നിയമപോരാട്ടം. കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെടാന്‍ പോകുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയത് എ.ഐ അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചാണെന്ന് കാണിച്ച് 26 ജീവനക്കാരാണ് മെറ്റയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡ് ഫെഡറല്‍ കോടതിയില്‍ തിങ്കളാഴ്ചയാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ മെറ്റ പ്രഖ്യാപിച്ച എണ്ണായിരത്തോളം പേരുടെ പിരിച്ചുവിടല്‍ നടപടിയെ ചോദ്യം ചെയ്താണ് ഈ നിയമനടപടി. പ്രസവാവധി, മെഡിക്കല്‍ ലീവ്, മറ്റ് കുടുംബപരമായ ആവശ്യങ്ങള്‍ക്കായി അവധിയിലായിരുന്ന ജീവനക്കാരെ ലക്ഷ്യമിട്ടാണ് എ.ഐ ടൂളുകള്‍ പ്രവര്‍ത്തിച്ചതെന്നും ഇത് വിവേചനപരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

അമേരിക്കയിലെ ഫാമിലി ആന്‍ഡ് മെഡിക്കല്‍ ലീവ് നിയമം, ഗര്‍ഭകാല വിവേചന നിരോധന നിയമം എന്നിവയുടെ ലംഘനമാണ് കമ്പനി നടത്തിയതെന്നാണ് ഇവരുടെ വാദം. ഹര്‍ജി നല്‍കിയ 26 പേരും നിലവില്‍ മെറ്റയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ഇവരുടെ പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച മെറ്റാ അധികൃതര്‍, പിരിച്ചുവിടല്‍ സംബന്ധിച്ച തീരുമാനങ്ങളെല്ലാം എടുത്തത് മാനേജ്മെന്റിലെ മനുഷ്യര്‍ നേരിട്ടാണെന്നും അതില്‍ എ.ഐക്ക് പങ്കില്ലെന്നും വ്യക്തമാക്കി

You might also like