
പട്നയില്‍ നിന്ന് ലക്നൗവിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനം യാത്രയ്ക്കിടെ ഇടിമിന്നലേറ്റ് അടിയന്തരമായി ലാന്‍ഡ് ചെയ്തു
ലക്നൗ: പട്നയില്‍ നിന്ന് ലക്നൗവിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനം യാത്രയ്ക്കിടെ ഇടിമിന്നലേറ്റ് അടിയന്തരമായി ലാന്‍ഡ് ചെയ്തു. 17000 അടി ഉയരത്തില്‍ വെച്ചാണ് വിമാനത്തിന് ഇടിമിന്നലേറ്റത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. 104 യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്ന 110 പേരും പരിക്കേല്‍ക്കാതെ സുരക്ഷിതരായി പുറത്തെത്തി.
ബുധനാഴ്ച ഉച്ചയ്ക്ക് 3:10 ന് പട്നയില്‍ നിന്നും പുറപ്പെട്ട 6ഇ-925 വിമാനത്തിനാണ് അപകടം സംഭവിച്ചത്. ആകാശത്ത് വെച്ച് മിന്നലേറ്റതിനെ തുടര്‍ന്ന് പൈലറ്റ് ഉടന്‍ തന്നെ ലക്നൗ എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും വൈകിട്ട് 4:05 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ എട്ട് മിനിറ്റ് മുന്‍പേ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ സാധിച്ചു.
ലക്നൗവില്‍ നിന്ന് അഹമ്മദാബാദിലേക്ക് തുടര്‍ സര്‍വീസ് നടത്തേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. എന്നാല്‍ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാനം സര്‍വീസില്‍ നിന്നും പിന്‍വലിച്ചു. അതേസമയം അപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്ഗ്ധ പരിശോധന പൂര്‍ത്തിയാക്കി റെഗുലേറ്ററി ക്ലിയറന്‍സ് ലഭിച്ച ശേഷം മാത്രമേ വിമാനം വീണ്ടും സര്‍വീസിനായി ഉപയോഗിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി
