യാത്രാരേഖകളില്ലാതെ മൂന്ന് മാസമായി ഹോംസ്റ്റേയില്‍ താമസിച്ചു വന്നിരുന്ന റഷ്യന്‍ വനിതയെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു

0

കോവളം: മതിയായ യാത്രാരേഖകളില്ലാതെ മൂന്ന് മാസമായി ഹോംസ്റ്റേയില്‍ താമസിച്ചു വന്നിരുന്ന റഷ്യന്‍ വനിതയെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. റഷ്യന്‍ സ്വദേശിയായ അന്നാ അല്‍ക്‌സീവ (44) ആണ് പിടിയിലായത്. കോവളം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കോവളത്തുള്ള ഹുസൈന്‍ എന്നയാളുടെ ഹോംസ്റ്റേയിലായിരുന്നു ഇവര്‍ കഴിഞ്ഞ മൂന്ന് മാസമായി താമസിച്ചിരുന്നത്. പ്രദേശത്തെ വിദേശികളുടെ താമസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനെ അറിയിക്കുന്നതില്‍ ഹോട്ടല്‍, ഹോംസ്റ്റേ ഉടമകള്‍ വീഴ്ച വരുത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റഷ്യന്‍ വനിത പിടിയിലാകുന്നത്. 2019 ല്‍ ഇവര്‍ ഇതേ ഹോംസ്റ്റേയില്‍ വന്നുപോയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിന് ശേഷം ഗോവയില്‍ തങ്ങിയിരുന്ന ഇവര്‍, അവിടെയുള്ള പീറ്റര്‍ എന്നയാളെ വിവാഹം കഴിച്ചതായും വിവരമുണ്ട്.

പാസ്പോര്‍ട്ട്, വിസ തുടങ്ങിയ യാഥാര്‍ത്ഥ്യ രേഖകളൊന്നുമില്ലാതെയാണ് ഇവര്‍ കഴിഞ്ഞ മൂന്ന് മാസമായി കോവളത്ത് തങ്ങിയത്. ഇവര്‍ ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് റഷ്യയിലേക്ക് കുടിയേറിയതാണെന്ന സ്ഥിരീകരിക്കാത്ത വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശി താമസിക്കുന്ന വിവരം പൊലീസ് സ്റ്റേഷനില്‍ കൃത്യമായി അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് ഹോംസ്റ്റേ നടത്തിപ്പുകാരന്‍ ഹുസൈനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി

You might also like