പ്രവാസികള്‍ക്ക് ഇനി യാത്ര കൂടുതല്‍ എളുപ്പം; ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

0

ദുബായ്: ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ശീതകാല ഷെഡ്യൂളിന്റെ ഭാഗമായി പ്രതിദിനം 135 സര്‍വീസുകള്‍ വരെ നടത്താനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യയിലെ 23 നഗരങ്ങളെ ഗള്‍ഫിലെയും പശ്ചിമേഷ്യയിലെയും 12 കേന്ദ്രങ്ങളുമായി ഈ സര്‍വീസുകള്‍ ബന്ധിപ്പിക്കും.

സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് 88 നേരിട്ടുള്ള സര്‍വീസുകളാണ് പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് ദുബായ്, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ കണക്റ്റിവിറ്റി ലഭിക്കും.

ജിദ്ദ, റിയാദ്, ദമാം, ദോഹ, മസ്‌കറ്റ് തുടങ്ങിയ പ്രധാന പശ്ചിമേഷ്യന്‍ നഗരങ്ങളിലേക്കും സര്‍വീസുകള്‍ വര്‍ധിപ്പിക്കാനാണ് നീക്കം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും വിപുലമായ ശീതകാല ഷെഡ്യൂളാണിത്. ഈ ഷെഡ്യൂള്‍ 2027 മാര്‍ച്ച് 27 വരെ തുടരും.

ഡല്‍ഹി, മുബൈ, കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് തുടങ്ങിയ പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഇന്ത്യ-യുഎഇ, ഇന്ത്യ-സൗദി അറേബ്യ തുടങ്ങിയ പ്രധാന റൂട്ടുകളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ നല്‍കുകയാണ് ലക്ഷ്യം

You might also like