റിപ്പോ നിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്; വായ്പ എടുത്തവര്‍ക്ക് തിരിച്ചടി

0

മുംബൈ: പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിന് റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് കൂട്ടി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും. റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. നിലവില്‍ ഇത് 5.50 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് റിപ്പോ നിരക്കില്‍ വര്‍ധനവുണ്ടാകുന്നത്. 2025 ല്‍ വിവിധ ഘട്ടങ്ങളിലായി റിപ്പോ നിരക്കില്‍ 125 ബേസിക് പോയിന്റിന്റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. തുടര്‍ന്നുള്ള നാല് പോളിസി മീറ്റിങ്ങുകളില്‍ റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തിയിരുന്നു.

വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ അപകട സാധ്യതകളും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയുമാണ് പലിശ നിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. 2027 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ പലിശ വര്‍ധനയ്ക്കുള്ള സാധ്യതയും വിദഗ്ധര്‍ പ്രവചിക്കുന്നു. അതേസമയം ബാങ്ക് സ്ഥിര നിക്ഷേപം (എഫ്.ഡി) ഉള്ളവര്‍ക്കും പുതുതായി എഫ്.ഡി ഇടാന്‍ ഒരുങ്ങുന്നവര്‍ക്കും നിരക്ക് വര്‍ധനവ് നേട്ടമാണ്. റിപ്പോ ഉയര്‍ന്നതോടെ എഫ്.ഡി പലിശ നിരക്കില്‍ ബാങ്കുകള്‍ നേരിയ വര്‍ധനവിന് തയ്യാറാകും.

You might also like