ഹൂതി ആക്രമണ ഭീഷണി : സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ താല്‍കാലികമായി റദ്ദാക്കി

0

ന്യൂഡല്‍ഹി: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി ഭീകരരുടെ മിസൈല്‍ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ താല്‍കാലികമായി റദ്ദാക്കി. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഒക്ടോബര്‍ 10 വരെയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി അറിയിച്ചു.

സുരക്ഷ മുന്‍നിര്‍ത്തി ഡല്‍ഹിയില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ട രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് തുക പൂര്‍ണമായി തിരികെ നല്‍കുകയോ സൗജന്യമായി യാത്ര മാറ്റാന്‍ അവസരം ഒരുക്കുകയോ ചെയ്യുമെന്ന് കമ്പനികള്‍ വ്യക്തമാക്കി. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പരിസരത്തെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് അബഹ, റിയാദ് വിമാനത്താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

സൗദി വ്യോമാതിര്‍ത്തി തങ്ങളുടെ സൈനിക മേഖലയാണെന്നും അന്താരാഷ്ട്ര സര്‍വീസുകള്‍ ജാഗ്രത പാലിക്കണമെന്നും ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയ വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

You might also like