വിമാന കമ്പനികള്‍ക്ക് അന്ത്യശാസനവുമായി ഹൂതികള്‍; ഗള്‍ഫ് മേഖലയില്‍ സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യത

0

റിയാദ്: സൗദി അറേബ്യന്‍ വ്യോമ പാതയിലൂടെ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് അന്ത്യശാസനവുമായി യമനിലെ ഹൂതികള്‍. സൗദി വ്യോമപാത തങ്ങളുടെ സൈനിക നടപടികളുടെ മേഖലയായി മാറിയിരിക്കുകയാണെന്നും ഇതുവഴി സര്‍വീസ് തുടരുന്ന വിമാന കമ്പനികള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീഅ മുന്നറിയിപ്പ് നല്‍കി. മക്കയ്ക്കും മദീനയ്ക്കും മുകളിലൂടെയുള്ള വ്യോമപാത ഈ മുന്നറിയിപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സൗദിയിലെ വിമാനത്താവളങ്ങള്‍ക്കും വ്യോമ പാതയ്ക്കുമെതിരായ ഹൂതികളുടെ ഭീഷണി ശക്തമായ സാഹചര്യത്തില്‍ വിമാന സര്‍വീസുകളെ ഇത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. വിമാനങ്ങള്‍ റദ്ദാക്കല്‍, വ്യോമപാത അടച്ചിടല്‍, യാത്രാ തടസങ്ങള്‍ എന്നിവ ഉണ്ടാകാമെന്ന് സൗദിയിലെ യുഎസ് മിഷന്‍ മുന്നറിയിപ്പ് നല്‍കി.

യാത്രക്കാര്‍ വിമാന കമ്പനികളുമായും വിമാനത്താവള അധികൃതരുമായും ബന്ധപ്പെട്ട് സര്‍വീസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന നിര്‍ദേശമുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സൗദി വ്യോമപാത ഒഴിവാക്കണമെന്ന ഹൂതികളുടെ മുന്നറിയിപ്പ് മേഖലയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

അതേസമയം സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട ഹൂതികള്‍ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുകയും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്തതായി പറഞ്ഞു. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ട ഹൂതികളുടെ അവകാശവാദം സൗദി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല

You might also like