
യുപിയിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് മാറ്റി.
ലഖ്‌നൗ: യുപിയിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് മാറ്റി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മാര്‍ച്ചില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തിന് പ്രധാനമന്ത്രിയുടെ പേര് നല്‍കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി യോഗി അറിയിച്ചു.
യുപിക്ക് ലഭിച്ച വലിയ സമ്മാനമാണ് നോയിഡ ജവാറിലെ വിമാനത്താവളമെന്നും ഇതിന് പ്രധാനമന്ത്രിയോടുള്ള നന്ദിസൂചകമായാണ് പേരുമാറ്റമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ-ജെവാര്‍’ എന്നായിരിക്കും പുതിയ പേര്. സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമഗതാഗത കേന്ദ്രങ്ങളിലൊന്നായും ഇത് മാറുമെന്നാണ് പ്രതീക്ഷ -യോഗി പറഞ്ഞു.
ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ വിമാനഗതാഗത തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച വിമാനത്താവളം ഇക്കഴിഞ്ഞ മാര്‍ച്ച് 28നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ജൂണ്‍ 15ന് ലഖ്നൗവില്‍നിന്നെത്തിയ ഇന്‍ഡിഗോ വിമാനമാണ് ഇവിടെ ആദ്യമായി ഇറങ്ങിയത്.
