വധശിക്ഷ നിർത്തലാക്കാനുള്ള ആവശ്യം ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും ആവര്‍ത്തിച്ച് വത്തിക്കാന്‍.

0

ജനീവ: വധശിക്ഷ നിർത്തലാക്കാനുള്ള ആവശ്യം ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും ആവര്‍ത്തിച്ച് വത്തിക്കാന്‍. ഒക്ടോബർ 7ന് നടന്ന ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതു സമ്മേളനത്തിനിടെയാണ് യുഎന്നിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് എൽ-കാസിസ് നിലപാട് ആവര്‍ത്തിച്ചത്. അമേരിക്കയില്‍ കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്കു ശിക്ഷിക്കപ്പെട്ട ക്രിസ്റ്റ പൈക്ക് എന്ന കുറ്റവാളിയെ വധിക്കാനുള്ള ശ്രമം സെപ്റ്റംബർ 30-ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. മാരകമായ മരുന്നുകള്‍ കുത്തിവെച്ചിട്ടും പൈക്ക് അതിജീവിച്ചിരിന്നു.

മനുഷ്യാവകാശ സംരക്ഷണം എന്നത് സ്ഥിരവും സാർവത്രികവും ആയിരിക്കണമെന്നും, അത് എല്ലാ വ്യക്തികൾക്കും, എല്ലാ ഘട്ടങ്ങളിലും എല്ലാ സാഹചര്യങ്ങളിലും ബാധകമാകണമെന്നും ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് പറഞ്ഞു. മനുഷ്യന്റെ അന്തസ്സിനും ജീവിക്കാനുള്ള അവകാശത്തിനും നേരെയുള്ള കടന്നുകയറ്റമായതിനാൽ വധശിക്ഷ അംഗീകരിക്കാനാവില്ല. കുറ്റകൃത്യം എത്ര ഗുരുതരമായാലും, ദൈവം നൽകിയ ഈ അന്തസ്സ് ഒരിക്കലും നഷ്ടപ്പെടുന്നില്ല. പശ്ചാത്താപത്തിനും മാനസാന്തരത്തിനുമുള്ള സാധ്യത കണക്കിലാക്കിക്കൊണ്ട് സമൂഹത്തെ ഫലപ്രദമായി സംരക്ഷിക്കാൻ ഭരണകൂടങ്ങളെ പ്രാപ്തമാക്കുന്ന രീതിയിൽ ശിക്ഷാ സംവിധാനങ്ങൾ ഇന്ന് പുരോഗമിച്ചിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യദാർഢ്യവും പിന്തുണയും, ഒപ്പം വേഗത്തിലുള്ളതും നിഷ്പക്ഷവും മാനുഷികവുമായ നീതിയും ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ, മറ്റൊരു ജീവൻ എടുക്കുന്നതിലൂടെ നഷ്ടപ്പെട്ടത് അത് തിരികെ ലഭിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. നിഷ്കളങ്കനായ ഒരാൾക്ക് വധശിക്ഷ നടപ്പിലാക്കിയാൽ അതിന് പിന്നീട് പരിഹാരമൊന്നുമില്ലെന്ന് എൽ-കാസിസ് ചൂണ്ടിക്കാട്ടി. ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു.

You might also like