
സമാധാനത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം ഇന്ത്യന്‍ വംശജ നവനീതം പിള്ളയ്ക്ക്
ജനീവ: 2026 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജയായ നവനീതം പിള്ളയ്ക്ക്. ഐക്യരാഷ്ട്ര സഭയുടെ മുന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറും ദക്ഷിണാഫ്രിക്കന്‍ നിയമജ്ഞയുമാണ് നവനീതം പിള്ള.
മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണല്‍ എന്നിവയിലെ സേവനത്തിലൂടെ പ്രശസ്തയാണ്. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും നിരവധി മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
1941 സെപ്റ്റംബര്‍ 23 ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ജനിച്ച ഇന്ത്യന്‍ തമിഴ് വംശജയായ നവനീതം പിള്ള, നടാല്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദവും നിയമ ബിരുദവും നേടിയത്. ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചന വിരുദ്ധ നിയമപോരാട്ടങ്ങളില്‍ സജീവ പങ്കാളിയായിരുന്ന അവര്‍, 1967 ല്‍ സ്വന്തമായി അഭിഭാഷക സ്ഥാപനം ആരംഭിച്ചു. പിന്നീട് ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും 1988 ല്‍ ഡോക്ടറേറ്റും നേടി.
1995 ല്‍ ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരല്ലാത്ത വനിതാ ജഡ്ജിയായി നവനീതം പിള്ള നിയമിക്കപ്പെട്ടു. 1999 മുതല്‍ 2003 വരെ റുവാണ്ടയ്ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അവര്‍, 2003 മുതല്‍ 2008 വരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ അപ്പീല്‍ ചേംബര്‍ ജഡ്ജിയായും പ്രവര്‍ത്തിച്ചു
