കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് 594 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; ദില്ലിയിൽ മാത്രം 107 ഡോക്ടർമാർ മരിച്ചു

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് 594 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡൽഹിയിൽ മാത്രം 107 ഡോക്ടർമാർ മരിച്ചു. കേരളത്തിൽ അഞ്ച് ഡോക്ടർമാർ രോഗം ബാധിച്ച് മരിച്ചതായും ഐഎംഎ വ്യക്തമാക്കി.
രണ്ടാം തരംഗത്തിൽ മരിച്ച ഡോക്ടർമാരിൽ 45 ശതമാനവും ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി രാജ്യത്ത് ഇതുവരെ മരിച്ച ഡോക്ടർമാരുടെ എണ്ണം 1,300 ആയതായും ഐഎംഎ അറിയിച്ചു.
ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ബിഹാറിലാണ്. 96 ഡോക്ടര്‍മാര്‍ രണ്ടാം തരംഗത്തില്‍ ബിഹാറില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 67.
അതേസമയം, രാജ്യത്ത് മാര്‍ച്ച് മാസം 53 ശതമാനം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാര്‍. മേയില്‍ അത് 37 ശതമാനമായി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. മാര്‍ച്ച് ഒന്നിന് ശേഷം 61 ശതമാനം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.