
ഗാസ വെടിനിർത്തലിൽ രണ്ടാംഘട്ട ചർച്ചകള്‍ ഉടൻ ആരംഭിക്കും; സ്ഥിരീകരണവുമായി ട്രംപിന്‍റെ പശ്ചിമേഷ്യന്‍ പ്രതിനിധി
ടെൽ അവീവ്: ഗാസ വെടിനിർത്തലിന്‍റെ രണ്ടാംഘട്ട ചർച്ചകള്‍ ഉടൻ ആരംഭിക്കുമെന്ന് ഡൊണാൾഡ് ട്രംപിന്‍റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്. ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഖത്തർ പ്രധാനമന്ത്രി അദ്ബുൾ റഹ്മാൻ അൽ താനി, ഈജിപ്ഷ്യൻ ഇൻ്റലിജൻസ് മേധാവി ഹസൻ റഷാദ് എന്നിവരുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയതായി വിറ്റ്‌കോഫ് പറഞ്ഞു. ചർച്ചകള്‍ എവിടെവെച്ചായിരിക്കുമെന്ന് നിർണയിച്ചിട്ടില്ലെന്നും അദേഹം അറിയിച്ചു. ആദ്യഘ ട്ടചർച്ചകള്‍ ദോഹയിലാണ് നടന്നത്. കരാർ പ്രകാരം കഴിഞ്ഞയാഴ്ചയാണ് രണ്ടാം ഘട്ട ചർച്ചകൾ ആരംഭിക്കേണ്ടിയിരുന്നത്.
വെടിനിർത്തലിൻ്റെ ഭാഗമായുള്ള ഒന്നാംഘട്ടത്തിലെ ആറാമത്തെ ബന്ദിമോചനം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ശനിയാഴ്ച ഖാൻ യൂനിസിൽ വെച്ച് മൂന്ന് ഇസ്രയേൽ ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചു. അമേരിക്ക, റഷ്യ, അർജൻ്റീന പൌരത്വമുള്ള സാഷ ത്രുഫാനോവ്, സഗുയി ഡെകെൽ – ചെൻ, യെയ്ർ ഹോൺ എന്നിവരെയാണ് ഖാൻ യൂനിസിൽ വെച്ച് ഹമാസ് മോചിപ്പിച്ചത്. പകരമായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന 36 പേരുൾപ്പെടെ 369 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിച്ചു. ബന്ദികളെ സ്വീകരിച്ചതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചിരുന്നു