
ആശുപത്രിയില്‍ തുടരേണ്ടതുണ്ട്; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണ്ണമെന്ന് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണമെന്ന് വത്തിക്കാന്‍. തിങ്കളാഴ്ചത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ മാര്‍പാപ്പയ്ക്ക് പോളിമൈക്രോബയല്‍ അണുബാധ ഉണ്ടെന്നും അതിനാല്‍ അദേഹത്തിന്റെ ചികിത്സയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മാര്‍പാപ്പയെ വത്തിക്കാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നുവരെ നടത്തിയ എല്ലാ പരിശോധനകളും നല്‍കുന്നത് ആരോഗ്യസ്ഥിതി സങ്കീര്‍ണമെന്നാണ്. അതിനാല്‍ അദേഹത്തിന് ആശുപത്രിവാസം ആവശ്യമാണെന്നും വത്തിക്കാന്‍ കൂട്ടിച്ചേര്‍ത്തു. ക്ഷിണിതനെങ്കിലും ഔദ്യോഗിക കാര്യങ്ങളില്‍ അദേഹം ആശയവിനിമയം നടത്തുന്നുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കള്‍ മൂലമുണ്ടാകുന്ന അണുബാധയാണ് പോളിമൈക്രോബയല്‍ അണുബാധ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കില്‍ ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വൈറല്‍ ഇന്‍ഫക്ഷന്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ മാര്‍പാപ്പയെ അലട്ടിയിരുന്നു.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഒരാഴ്ചയായി മാര്‍പാപ്പയ്ക്ക് ശ്വാസതടസമുണ്ടായിരുന്നു. കൂടുതല്‍ ചികിത്സയ്ക്ക് വേണ്ടിയാണ് കഴിഞ്ഞ വെള്ളിയാഴ്ച അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചില രോഗനിര്‍ണയ പരിശോധനകള്‍ക്കും ബ്രോങ്കൈറ്റിസിനുള്ള ചികിത്സ തുടരുന്നതിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ പോളിക്ലിനിക്കോ അഗോസ്റ്റിനോ ജെമെല്ലിയില്‍ പ്രവേശിപ്പിച്ചുവെന്നും അദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണെന്നുമായിരുന്നു വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്