
‘മത്സരങ്ങള്‍ ഒഴിവാക്കി ആണവായുധ നിയന്ത്രണ കരാര്‍ പുതുക്കണം’; അമേരിക്കയോടും റഷ്യയോടും അഭ്യര്‍ഥിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാര്‍ട്ട് പുതുക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വത്തിക്കാനില്‍ നടത്തിയ പ്രതിവാര പ്രഭാഷണത്തിലായിരുന്നു മാര്‍പാപ്പയുടെ അഭ്യര്‍ഥന. ആയുധ മത്സരം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ നിലവിലെ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.
ഭയത്തിനും അവിശ്വാസത്തിനും പകരം പൊതുനന്മയ്ക്കായിട്ടുള്ള ധാര്‍മ്മികത സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാല്‍ തന്നെ ഓരോ രാജ്യത്തേയും ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന, ആണവായുധ നിയന്ത്രണ ഉടമ്പടിയായ ന്യൂ സ്റ്റാര്‍ട്ട് പുതുക്കാന്‍ റഷ്യയിലെയും അമേരിക്കയിലെയും നേതാക്കള്‍ സന്നദ്ധമാകണമെന്നും അദേഹം വ്യക്തമാക്കി.
2010 ല്‍ പ്രാഗില്‍ യു.എസും റഷ്യയും ഒപ്പുവച്ച കരാറിന്റെ കാലാവധി ബുധനാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചിരുന്നു. കരാര്‍ പുതുക്കിയില്ലെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കും ആണവായുധങ്ങള്‍ സംഭരിക്കാന്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാകും. ഇത് ആയുധ മത്സരം വര്‍ധിപ്പിക്കുമെന്ന ആശങ്ക വര്‍ധിക്കുന്നതിനിടെയാണ് കരാര്‍ പുതുക്കാനുള്ള മാര്‍പാപ്പയുടെ അഭ്യര്‍ഥന
